
കൊച്ചി: സിനിമയിൽ ഹാസ്യമാണ് പ്രിയമെങ്കിലും രാഷ്ട്രീയത്തിൽ ധർമ്മജൻ ബോൾഗാട്ടി സീരിയസാണ്. അതുകൊണ്ട് കലാകാരൻ എന്ന നിലയിൽ ആയിരിക്കില്ല തന്റെ രാഷ്ട്രീയ പ്രവർത്തനമെന്നാണ് ധർമ്മജൻ പറയുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനാണ് താല്പര്യം. ജനങ്ങളിലേക്കിറങ്ങി അവരിൽ ഒരാളായി പ്രവർത്തിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച ധർമ്മജൻ കേരളകൗമുദിയോട് പറഞ്ഞു.
സിനിമയിൽ മാത്രമേ താൻ അഭിനയിക്കാറുള്ളു. ജീവിതത്തിൽ പച്ചയായ മനുഷ്യനാണ്. സിനിമയിൽ ഹാസ്യകഥാപാത്രമാണ് കെെകാര്യം ചെയ്യുന്നതെങ്കിലും രാഷ്ട്രീയത്തെ എന്നും ഗൗരവത്തോടെ മാത്രമേ കണ്ടിട്ടുള്ളു. കലയെ ഒരിക്കലും ഉപേക്ഷിക്കില്ല. കലയ്ക്ക് വേണ്ടി കലാകാരനായി തന്നെ പ്രവർത്തിക്കും. കലയെയും കലാകാരന്മാരെയും ഉയർത്തികൊണ്ട് വരാൻ തന്നാലാവും വിധം ശ്രമിക്കും. കൊവിഡിൽ പ്രതിസന്ധിയിലായ നിരവധി കലാകാരന്മാരുണ്ട്. പാർട്ടിയുടെ ആവശ്യപ്രകാരം മത്സരരംഗത്തേക്ക് വന്നാൽ ഇക്കൂട്ടരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ മുൻകെെയെടുക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
എവിടെയും മത്സരിക്കും
കോഴിക്കോട് ജില്ലയിലെ ബാലുശേരി നിയോജകമണ്ഡലമാണ് ധർമ്മജന് വേണ്ടി പരിഗണിക്കുന്ന സീറ്റ്. പാർട്ടി ആവശ്യപ്പെട്ടാലേ മത്സരിക്കൂ എന്നാണ് ധർമ്മജന്റെ നിലപാട്. കോളേജ് പഠനക്കാലം മുതൽ കെ.എസ്.യുവിന്റെ സജീവപ്രവർത്തകനാണ്. യൂത്ത് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കുടിവെള്ള പ്രശ്നത്തിൽ സമരം ചെയ്ത് ജയിലിൽ കിടന്നിട്ടുള്ള തനിക്ക് ഏത് മണ്ഡലമായാലും അവിടത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാകുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം.