
കൊച്ചി: തൊഴിൽ സമയം കുറച്ച് രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. സംയുക്ത ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂറോപ്പിലും ന്യൂസിലാൻഡിലും തൊഴിൽ സമയം കുറിച്ചിട്ടുണ്ട്. രാജ്യത്ത് എട്ട് മണിക്കൂർ തൊഴിലെന്നത് ഏഴ് മണിക്കൂറാക്കാം. ഇത് തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കും. ഒരു സർക്കാരിനും തൊഴിലില്ലായ്മ ഇല്ലാതാക്കാൻ കഴിയില്ല. പകരം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. സംസ്ഥാന സർക്കാർ പി.എസ്.സി വഴി പരമാവധി തൊഴിൽ നൽകി. വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കി അവസരങ്ങൾ വർദ്ധിപ്പിച്ചു. കെ.ഫോൺ ഗ്രാമങ്ങളിലടക്കം തൊഴിൽ സാദ്ധ്യത നൽകും. എളമരം കരീം പറഞ്ഞു.
അടിക്കടിയുള്ള ഇന്ധന,പാചകവാതക വിലക്കയറ്റം ജനജീവിതം ദുരിതത്തിലാക്കിയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം കുറ്റപ്പെടുത്തി. കേരളത്തിൽ ഇടതുപക്ഷം അധികാരത്തിൽ എത്തിയിരുന്നില്ലെങ്കിൽ ഇന്ന് കെ.എസ്.ഇ.ബിയടക്കം സ്വകാര്യവത്കരിക്കപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിൻദേവ്, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ്, സി.ഐ.ടി.യു ദേശീയ സെക്രട്ടറി പി. നന്ദകുമാർ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് എന്നിവർ സംസാരിച്ചു.