
കോലഞ്ചേരി: കുന്നത്തുനാട്ടിലെ തിരഞ്ഞെടുപ്പ് ചർച്ചകൾ പുരോഗമിക്കുമ്പോൾ ബഹുമുഖ പോരിൽ മത്സരം കടുത്തതാകുമെന്ന് ഉറപ്പായി. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.പ മുന്നണികളെ കൂടാതെ ട്വന്റി 20 പാർട്ടിയും മത്സരരംഗത്ത് എത്തുമെന്ന് ഉറപ്പായതോടെ പ്രവചനാതീതമാണ് തിരഞ്ഞെടുപ്പ് രംഗം. ട്വന്റിയുടെ കടന്നുവരവ് ഇരു മുന്നണികൾക്കും ആശങ്കയുണ്ടാക്കുന്നുണ്ട്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് കിഴക്കമ്പലം പഞ്ചായത്തിൽ മാത്രം ഒതുങ്ങി നിന്ന ട്വന്റി 20 മഴുവന്നൂർ, ഐക്കരനാട്, കുന്നത്തുനാട് പഞ്ചായത്തു ഭരണം കൈപ്പിടിയിലൊതുക്കിയാണ് നിയമസഭ തിരഞ്ഞെടുപ്പിലേയ്ക്കെത്തുന്നത്. നാലു പഞ്ചായത്തുകളിൽ നിന്നായി 43000 വോട്ടുകളാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി20 യ്ക്ക് ലഭിച്ചത്. ഈ പഞ്ചായത്തുകൾ കൂടാതെ മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും യൂണിറ്റുകൾ രൂപീകരിച്ചു കഴിഞ്ഞു. ഇവരുടെ പിന്തുണ ഉറപ്പിക്കുന്നതിനായി മൂന്ന് മുന്നണികളും നീക്കങ്ങൾ നടത്തിയെങ്കിലും വിജയം കണ്ടില്ല.
സ്ഥാനാർത്ഥി നിർണ്ണയത്തിലും ഒരു പടി മുന്നിൽ നില്ക്കുന്ന ട്വന്റി 20, അത് ആരെന്ന കാര്യത്തിൽ മാത്രം ഒരു സൂചന പോലും പുറത്തു പോകാത്ത വിധമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. റിട്ടയേർഡ് ജഡ്ജിമാർ മുതൽ സംസ്ക്കാരിക രംഗത്തെ പ്രമുഖരും പട്ടികയിലുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകും.
സിറ്റിംഗ് എം.എൽ.എ വി.പി.സജീന്ദ്രൻ തന്നെയാകും കോൺഗ്രസ് സ്ഥാനാർത്ഥി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.വി.ശ്രീനിജിൻ ആണ് ഇടത് പട്ടികയിലുള്ളത്. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് എന്ന നിലയിൽ വർഷങ്ങളോളം മണ്ഡലത്തിൽ സജീവമായിരുന്ന ഇദ്ദേഹം 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് സി.പി.എമ്മിന്റെ ഭാഗമായത്.
തുടക്കകാലം മുതൽ പൊതുവെ വലതു പക്ഷ മനസാണ് കുന്നത്തുനാടിന്റേത്. നിലവിൽ പട്ടികജാതി സംവരണമാണ് ഇവിടം. മണ്ഡലമുണ്ടായതിന് ശേഷം നടന്ന 13 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 8 തവണയും ജയിച്ചത് യു.ഡി.എഫാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ഷിജി ശിവജിയെ 2679 വോട്ടുകൾക്കാണ് സജീന്ദ്രൻ പരാജയപ്പെടുത്തിയത്. സഭാ തർക്കത്തിന് പേര് കേട്ട മണ്ഡലത്തിൽ സഭാ വോട്ടുകൾ നിർണായകമാണ്. ഇക്കുറി ഇവിടെ പ്രബലമായ യാക്കോബായ വിഭാഗം ഒരു മുന്നണിയ്ക്കും പിന്തുണയില്ലെന്ന നിലപാടിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പതിനാറായിരത്തിൽ പരം വോട്ട് നേടിയ ബി.ജെ.പി. തദ്ദേശ തിരഞ്ഞെടുപ്പിൽ നിറം മങ്ങിയ പ്രകടനമാണ് നടത്തിയത്. ട്വന്റി 20 മത്സരിക്കാനെത്തിയാൽ ബി.ജെ.പി.വോട്ടുകൾ ഭൂരിഭാഗവും ആ പെട്ടിയിൽ വീണേക്കാമെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ വ്യക്തമാക്കുന്നത്.