
കൊച്ചി: ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലം കേരളാ കോൺഗ്രസുകൾ രാഷ്ട്രീയഗതി നിർണയിക്കുന്ന മണ്ഡലമാണ്. കേരളാ കോൺഗ്രസുകൾ ഒപ്പമുണ്ടെങ്കിൽ ഇടതു -വലതു മുന്നണികൾക്ക് ഒരുപോലെ അവകാശവാദം ഉന്നയിക്കാവുന്ന മണ്ഡലങ്ങളിലൊന്ന്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ആന്റണി ജോൺ തിരിച്ചുപിടിച്ച മണ്ഡലം ഇക്കുറി ആർക്കൊപ്പമെന്ന് നിർണയിക്കുന്നതും കേരള കോൺഗ്രസിന്റെ മുന്നണിമാറ്റം ചെലുത്തുന്ന സ്വാധീനം അനുസരിച്ചായിരിക്കും.
1965ൽ മണ്ഡലം രൂപീകൃതമായശേഷം 2016വരെ നടന്ന 13 തിരഞ്ഞെടുപ്പുകളിൽ ഏഴുതവണയും ഇരുപക്ഷത്തുമായി നിന്ന കേരളാ കോൺഗ്രസിനെ വരിച്ചെന്നതാണ് മണ്ഡലത്തിന്റെ രാഷ്ട്രീയചരിത്രം. കോതമംഗലത്ത് ഇതുവരെ വെന്നിക്കൊടി പാറിച്ചവരിൽ രണ്ടാംസ്ഥാനത്ത് കോൺഗ്രസും മൂന്നാം സ്ഥാനത്ത് സി.പി.എമ്മുമാണ്. ഇതിനിടയിൽ ഒരുതവണ സ്വതന്ത്രനെയും നിയമസഭയിൽ എത്തിച്ച ചരിത്രമുണ്ട്.
1965ലെ ആദ്യ തിരഞ്ഞെടുപ്പിൽ കെ.എം. ജോർജിലൂടെ കേരളാ കോൺഗ്രസ് മണ്ഡലം സ്വന്തമാക്കി. കോൺഗ്രസും സി.പി.എമ്മും കേരളകോൺഗ്രസും ത്രികോണ മത്സരത്തിനിറങ്ങിയ 1967ൽ ടി.എം. മീതിയനിലൂടെ മണ്ഡലം ഇടത്തേക്ക് ചാഞ്ഞു. 1970ലാണ് സ്വതന്ത്രൻ എം.ഐ. മർക്കോസിന് കൈകൊടുത്തത്. 1977ൽ കളം തിരിച്ചെടുത്ത കേരളാ കോൺഗ്രസ് എം.വി. മാണിയെ വിജയിപ്പിച്ചു.
1980 മുതൽ വലതുപക്ഷത്തേക്ക് ചാഞ്ഞ മണ്ഡലം രണ്ടര പതിറ്റാണ്ടോളം ഉറച്ചുനിന്നു. 80 മുതൽ ടി.എം. ജേക്കബിനും 1991 മുതൽ കോൺഗ്രസിലെ വി.ജെ. പൗലോസിനും ഹാട്രിക് വിജയം സമ്മാനിച്ചു. 2006ൽ കേരളാ കോൺഗ്രസിനൊപ്പം (ജോസഫ്) ഇടതുകൂട്ടുകെട്ടിയിലായ മണ്ഡലം രണ്ടുവട്ടം ടി.യു. കുരുവിളയെ നിയമസഭയിലയച്ചു. 2016ൽ ജോസഫ് ഗ്രൂപ്പ് യു.ഡി.എഫിലേയ്ക്ക് തിരിച്ചുപോയെങ്കിലും ഇടതുചായ്‌വ് നിലനിറുത്തിയ മണ്ഡലം സി.പി.എമ്മിലെ ആന്റണി ജോണിനെയാണ് വിജയിപ്പിച്ചത്.
അടിസ്ഥാനസ്വഭാവത്തിൽ കാർഷിക സംസ്കാരം നിറഞ്ഞുനിൽക്കുന്ന കോതമംഗലത്തെ വോട്ടർമാരെ കേരളാ കോൺഗ്രസിന്റെ വളർച്ചയും പിളർപ്പും ഒരുപോലെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഒന്നായിനിന്ന കേരളാ കോൺഗ്രസ് പലതായി പിരിഞ്ഞ് മത്സരിച്ചപ്പോഴും ഒന്നിടവിട്ട സന്ദർഭങ്ങളിൽ എല്ലാ ഗ്രൂപ്പുകളെയും സ്വീകരിച്ച മണ്ണുകൂടിയാണിത്. ഇത്തവണ ജോസ് കെ. മാണിയുടെ മുന്നണിാ മാറ്റം കോതമംഗലത്തിന്റെ രാഷ്ട്രീയാ മണ്ഡലത്തിൽ എന്തു സ്വാധീനം ചെലത്തുമെന്നതും കണ്ടറിയേണ്ടിരിക്കുന്നു.
ആന്റണി ജോൺ എൽ.ഡി.എഫിനായി വീണ്ടും രണ്ടാമങ്കത്തിനിറങ്ങുമെന്ന് വ്യക്തമാണ്. യുവാവെന്ന നിലയിലെ ശ്രദ്ധേയമായ പ്രവർത്തനം വിജയം ഉറപ്പിക്കുമെന്നാണ് എൽ.ഡി.എഫ് വിലിരുത്തൽ. കേരളാ കോൺഗ്രസ് ജോസ് കെ. മാണി വിഭാഗവും ഒപ്പം വന്നതിനാൽ വിജയം സുനിശ്ചിതമെന്നാണ് മുന്നണി വിലയിരുത്തൽ.
യു.ഡി.എഫിൽ കോൺഗ്രസും കേരളാ കോൺഗ്രസ് പി.ജെ. ജോസഫ് വിഭാഗവും കോതമംഗലം സീറ്റിനായി രംഗത്തുണ്ട്. പി.ജെ. ജോസഫ് വിഭാഗത്തിന് ഗണ്യമായ സ്വാധീനമുള്ള മണ്ഡലമെന്ന നിലയിലാണ് അവരുടെ അവകാശവാദം. ടി.യു. കുരുവിള, ഷിബു തെക്കുംപുറം തുടങ്ങിയ കേരളാ കോൺഗ്രസ് നേതാക്കളുടെ നാടുകൂടിയാണ് കോതമംഗലം. അതിനാൽ സീറ്റിനായി കേരളാ കോൺഗ്രസ് ശക്തമായി രംഗത്തുണ്ട്.