മൂവാറ്റുപുഴ: കഴിഞ്ഞ നഗരസഭ കൗൺസിൽ നഗരത്തിലെത്തുന്ന സ്ത്രീകൾക്കായി കൊണ്ടുവന്ന ഷീ ലോഡ്ജ്, ഷീ ടോയ്ലറ്റ് പദ്ധതികൾ നഗരസഭ ഭരണസമിതിയുടെ അനാസ്ഥയെ തുടർന്ന് അടഞ്ഞ് കിടക്കുന്നു. കഴിഞ്ഞ നഗരസഭ ഭരണസമിതിയാണ് സ്ത്രീ സുരക്ഷാ ലക്ഷ്യമാക്കി ഷീ ലോഡ്ജ്, ഷീ ടോയ് ലറ്റ്, കുടുംബശ്രീ സിറ്റിബസ് സർവീസ് എന്നിവ നടപ്പിലാക്കാൻ തീരുമാനിച്ചത്. ഇതിൽ ഷീ ടോയ്ലറ്റിന്റെയും ഷീ ലോഡ്ജിന്റെയും നിർമാണം പൂർത്തിയാക്കി തുറന്നെങ്കിലും പുതിയ നഗരസഭ ഭരണസമിതി തുടർ നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് ഇനിയും പ്രവർത്തനം ആരംഭിക്കാനായിട്ടില്ല. നെഹ്‌റു പാർക്കിൽ കുട്ടികളുടെ പാർക്കിനോട് ചേർന്നാണ് ഷീ ടോയലറ്റ് നിർമിച്ചിരിക്കുന്നത്. 3 പേർക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന ടോയിലറ്റാണ് ഒരുക്കിയിരിക്കുന്നത് . 7 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. മൂവാറ്റുപുഴ ടൗണിലെത്തുന്ന സ്ത്രീകളുടെ സൗകര്യവും സ്വകാര്യതയും കണക്കിലെടുത്താണ് എം.സി റോഡരികിൽ ഷീ ടോയ്ലറ്റ് സ്ഥാപിച്ചത്. തുടർ പ്രവർത്തനം ഉറപ്പാക്കാൻ പുതിയ ഭരണ സമിതി അധികാരമേറ്റിട്ടും ഷീ ടോയ് ലറ്റ് അടഞ്ഞു തന്നെ കിടക്കുകയാണ്. മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം നഗരസഭയുടെ സ്വന്തം സ്ഥലത്ത് 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഷീ ലോഡ്ജ് നിർമിച്ചത്. രാത്രിയിൽ നഗരത്തിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത തമാസം ഉറപ്പാക്കാനാണ് ഷീ ലോഡ്ജ് നിർമിച്ചത്. ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്‌തെങ്കിലും പ്രവർത്തനം ഇതുവരെ ആരംഭിച്ചിട്ടില്ല. പുതിയ നഗരസഭ ഭരണ സമിതി ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പ്രഖ്യാപിച്ച പദ്ധതികൾ എല്ലാം നിലച്ചത് സ്ത്രീകളോടുള്ള അവഗണനയാണെന്ന് ആരോപണമുയർന്നിട്ടുണ്ട്.