മൂവാറ്റുപുഴ: കൊവിഡ് പശ്ചാത്തലത്തിൽ ഒരു വർഷമായി നിർത്തി വച്ചിരുന്ന വൃദ്ധർകക്കായുളള വയോമിത്രം ക്യാമ്പ് മൂവാറ്റുപുഴ നഗരസഭയിൽ പുന:രാരംഭിച്ചതായി ചെയർമാൻ പി.പി.എൽദോസ് അറിയിച്ചു.വൃദ്ധർകർക്ക് സൗകര്യപ്രദമായ തരത്തിൽ വാർഡ് കേന്ദ്രങ്ങളിലായിരിക്കും ഇനി ക്യാമ്പ് സംഘടിപ്പിക്കുക. നഗരസഭയിലെ എല്ലാ വാർഡുകളിലെയും വൃദ്ധജനങ്ങൾക്ക് എളുപ്പം എത്തിച്ചേരാൻ കഴിയുന്ന 20 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ക്ലിനിക്കുകളിൽ നടത്തുന്ന ക്യാമ്പിൽ രോഗ പരിശോധനയും മരുന്ന് വിതരണവും നടത്തും. കൊവിഡ് വ്യാപനം മൂലം കഴിഞ്ഞ 11 മാസമായി അങ്കണവാടി പ്രവർത്തകർ,ആശ പ്രവർത്തകർ,വാർഡ് കൗൺസിലർ എന്നിവരുടെ സഹായത്തോടെ മരുന്നുകൾ വീടുകളിൽ എത്തിച്ചായിരുന്നു പദ്ധതി പ്രവർത്തിച്ചിരുന്നത്. ഇന്ന് മുതൽ ഡോക്ടർ ഉൾപെടുന്ന മെഡിക്കൽ ടീം വൃദ്ധജനങ്ങളുടെ അടുത്ത് നേരിട്ടെത്തി മരുന്നുകൾ നൽകുമെന്നും ചെയർമാൻ അറിയിച്ചു.