ആലുവ: റെയിൽവേ സ്റ്റേഷന് സമീപം മൊണാസ്ട്രി റോഡിലെ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ ഇരുമ്പ് ഗ്രില്ലുകൾ. മാലിന്യ നിക്ഷേപം രൂക്ഷമായ ഇടറോഡിൽ സമീപത്തെ നാല് വ്യാപാര സ്ഥാപനങ്ങൾ പണം ചെലവഴിച്ചാണ് ഗ്രില്ലുകൾ സ്ഥാപിച്ചത്. ഇടവഴിയുടെ രണ്ടറ്റത്തുമാണ് ഇരുമ്പ് ഗേറ്റുകൾ സ്ഥാപിച്ചിരിക്കുകയാണ്.
രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് വരെയുള്ള സമയങ്ങളിൽ ഗതാഗതത്തിന് തുറന്നു കൊടുക്കും. രാത്രി ഗേറ്റുകൾ അടച്ചിടാനുമാണ് തീരുമാനം. ക്രിസ്ത്യൻ ദേവാലയത്തിലേയ്ക്ക് കാൽനടയായി പോകാവുന്നതാണ് ഈ റോഡ്. കഴിഞ്ഞ കുറെയേറെ മാസങ്ങളായി സാമൂഹ്യ വിരുദ്ധരുടെയും കഞ്ചാവ് കച്ചവടക്കാരുടെയും കേന്ദ്രമായിരുന്നു. ടൗണിലെ ഏറ്റവും വൃത്തിഹീനമായ രീതിയിൽ മാലിന്യം വലിച്ചെറിയപ്പെട്ടും മല മൂത്ര വിസർജ്യങ്ങൾ കൊണ്ടും സമീപത്തുള്ള കച്ചവടക്കാർക്ക് ദുരിതവുമായിരുന്നു. നഗരസഭ ആരോഗ്യ വിഭാഗം തൊഴിലാളികൾ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ ഉണ്ടായിരുന്ന മാലിന്യങ്ങൾ നീക്കുകകയും വഴി സഞ്ചാര യോഗ്യമാക്കുകയും ചെയ്തിരുന്നു.
2017ൽ ആലുവ നഗരസഭാ പൊതുമരാമത്ത് വിഭാഗം ദേവാലയത്തിലേയ്ക്കുള്ള പൊതുവഴി കോൺക്രീറ്റ് ചെയ്തു നവീകരിക്കുകയും പൊതുകാന പുനർനിർമ്മിച്ച് സഞ്ചാര യോഗ്യമാക്കുകയും ചെയ്തിരുന്നു. എന്നാൽ മാലിന്യ നിക്ഷേപം ഇടവഴിയിലേക്ക് മാറിയതാണ് വ്യാപാരികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടായത്. വിഷയം കേരള സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ സംഘടനാ നേതാവ് ടോമി മാഞ്ഞൂരാൻ നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് മാലിന്യം നീക്കാൻ നടപടിയായത്.