
ആലുവ: മുമ്പൊരുകാലത്തും ഇല്ലാത്ത വിധം ആലുവ നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫിലും ഇക്കുറി സ്ഥാനാർത്ഥി മോഹികളുടെ എണ്ണമേറെയാണ്. ചിലരെ നേതൃത്വം നേരിട്ട് പരിഗണിക്കുമ്പോൾ മറ്റ് ചിലർ സ്ഥാനാർത്ഥിത്വത്തിനായി നേരിട്ടും അല്ലാതെയും ചരടുവലിക്കുന്ന തിരക്കിലാണ്. പാല സീറ്റ് നഷ്ടപ്പെടുന്ന എൻ.സി.പിയും ആലുവ സീറ്റിനായി രംഗത്തുണ്ട്.
വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി സി.കെ. ജലീൽ, ജി.സി.ഡി.എ ചെയർമാൻ വി. സലീം, നെടുമ്പാശേരി ഏരിയ കമ്മിറ്റിയംഗം കെ.കെ. നാസർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ് എന്നിവരാണ് ആദ്യഘട്ടം മുതൽ രംഗത്തുള്ളത്.
വോട്ടർമാരിൽ ഭൂരിപക്ഷം ക്രൈസ്തവരായതിനാൽ ഈ വിഭാഗത്തിൽ നിന്നും സ്ഥാനാർത്ഥിയെ വേണമെന്ന ആവശ്യം ഉയർന്നതോടെ മുൻ എം.എൽ.എ എം.എം. മോനായി, ചെങ്ങമനാട് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ, ആലുവ നഗരസഭ പ്രതിപക്ഷ നേതാവ് ഗെയിൽസ് ദേവസി പയ്യപ്പിള്ളി എന്നിവരുടെ പേരും പട്ടികയിലെത്തി. ജില്ലയിൽ വനിതാ പ്രാതിനിധ്യം പരിഗണിച്ചാൽ അഡ്വ. എ.എസ്. പുഷ്പകുമാരിയും രംഗത്തുവരും. സി.പി.എം ജില്ലാ കമ്മിറ്റിയംഗമായ പുഷ്പകുമാരി ആലുവ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാറിന്റെ സഹോദരിയാണ്. മുൻ വാഴക്കുളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. നിലവിൽ കേരള ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറാണ്.
നേരത്തെ മുതൽ പറഞ്ഞുകേട്ടിരുന്നവരിൽ ചിലരുടെ പേർ ഇപ്പോൾ പട്ടികയിൽ പിന്നിലാണ്. എന്നാൽ സഭാ നേതൃത്വത്തിന്റെ പിന്തുണയോടെ ക്രൈസ്തവ വിഭാഗത്തിൽ നിന്നും ഒരാളെ സ്ഥാനാർത്ഥിയാക്കാൻ കടുത്ത സമ്മർദ്ദം നേതൃത്വത്തിന് മുന്നിലുണ്ട്. ഈ സാഹചര്യം കൂടി ജില്ലാ നേതൃത്വം പരിഗണിക്കുന്നുണ്ട്. ഇന്ന് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ചയുണ്ടാകും. എട്ടിന് നടക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന്റെ അഭിപ്രായം തേടിയ ശേഷമായിരിക്കും അന്തിമ തീരുമാനം.