കൊച്ചി: ഇരുളിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ കൊച്ചി നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് പതിവാകുന്നു.
രാത്രികാലങ്ങളിൽ നഗരത്തിലെ ആളൊഴിഞ്ഞ പ്രദേശങ്ങളും ഇടറോഡുകളുമെല്ലാം ഇവരുടെ നിയന്ത്രണത്തിലാണ്. രാത്രി 10 നുശേഷം എം.ജി. റോഡിൽ നിന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, സൗത്ത് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡുകളും ഇടവഴികളുമാണ് സാമൂഹ്യവിരുദ്ധരുടെയും മദ്യപരുടെയും സ്ഥിരംതാവളങ്ങൾ.
ആവശ്യത്തിന് പ്രകാശമില്ലാത്ത ഭാഗത്തും ചില കെട്ടിടങ്ങളുടെ മറവിലും പതുങ്ങിനിൽക്കുന്ന സംഘം ഒറ്റയ്ക്കുനടന്നുപോകുന്നവരെയും സ്ത്രീകളെയുമാണ് ലക്ഷ്യമിടുന്നത്. ചിറ്റൂർ റോഡിലും സ്ഥിതി വിഭിന്നമല്ല. ട്രാൻസ്ജെൻഡറുകളിൽ ചിലരും ഇവർക്കൊപ്പമുണ്ടെന്നാണ് ഇതുവഴി സ്ഥിരംയാത്ര ചെയ്യുന്നവർ പറയുന്നത്.
രാജാജി റോഡ്, വൈ.എം.സി. എ റോഡ്, മുല്ലശേരി കനാൽ റോഡ്, അമ്മൻകോവിൽ റോഡ് എന്നിവിടങ്ങളിൽ പലസ്ഥലങ്ങളിലായി സാമൂഹ്യവിരുദ്ധ സംഘങ്ങളുടെ താവളമുണ്ട്. മെട്രോ സ്റ്റേഷനിൽ ഇറങ്ങി കെ.എസ്.ആർ.ടി.സിയിലേക്കോ, സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കോ നടന്നുപോകുന്നവരാണ് അക്രമികളുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു സ്ഥാപനത്തിൽ രാത്രി ഷിഫ്ടിൽ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോയ ആളെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമമുണ്ടായി. ഒരുമാസം മുമ്പ് സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും കെ.എസ്.ആർ.ടി.സി സ്റ്റാന്റിലേക്ക് നടന്നുപോയവരുടെ ബാഗ് ഉൾപ്പെടെ തട്ടിയെടുത്ത സംഭവവും ഉണ്ടായിരുന്നു.
''ആവശ്യത്തിന് വെളിച്ചം ഇല്ലെന്നതും പൊലീസിന്റെ ശ്രദ്ധ പതിയാത്തതുമാണ് ഈ ഭാഗം സാമൂഹ്യവിരുദ്ധരുടെ താവളമാകാൻ കാരണം. രാത്രികാല പൊലീസ് പെട്രോളിംഗ് സംഘങ്ങൾ ഈ മേഖലയിൽ തിരിഞ്ഞുനോക്കാറില്ല. "- സ്ഥിരം യാത്രക്കാരിലൊരാൾ