തൃക്കാക്കര : നിലംപൊത്താറായ കാക്കനാട് മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിന് ശാപമോക്ഷം.കാക്കനാട് മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ് അടക്കം മൂന്ന് നിർമ്മാണങ്ങൾക്കായി അഞ്ചുകോടി രൂപയാണ് ചിലവഴിക്കാനൊരുങ്ങുന്നത്. കാക്കനാട് മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ് പുനർനിർമ്മാണം, കാക്കനാട് എൻ.ജി.ഓ കോട്ടേഴ്സ് ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാം ഘട്ട നിർമ്മാണം, ഹെൽത്ത് സെന്ററിന്റെ മുകളിലെ നിർമ്മാണം എന്നിവയ്ക്കായി അഞ്ചുകോടിരൂപയുടെ ടെൻഡർ നടപടികൾക്ക് ഒരുങ്ങുകയാണ് നഗരസഭ. കാക്കനാട് മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിന്റെ ശോചനീയമായ അവസ്ഥയെക്കുറിച്ചു കൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണം ആരംഭിക്കുന്നതിന്റെ മുന്നോടിയായി കെട്ടിടത്തിൽ കച്ചവടം നടത്തുന്നവരുടെ മുൻ ഭരണസമിതി രണ്ടുവട്ടം ചർച്ച നടത്തിയെങ്കിലും പുനരധിവാസം സംബന്ധിച്ച ചില തർക്കങ്ങൾ മൂലം പദ്ധതി വൈകുകയായിരുന്നു.


കാക്കനാട് മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ് ഏതുനിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലായിരുന്നു. കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നും കോൺക്രീറ്റിന്റെ കഷണങ്ങൾ അടർന്നുവീഴുന്നത് പതിവാണ്. കൂടാതെ കെട്ടിടത്തിന്റെ പില്ലറുകൾ കാലപ്പഴക്കം മൂലം കോൺക്രീറ്റ് ഇളകി കമ്പി പുറത്തുകാണാവുന്ന അവസ്ഥയിലാണ്. തൃക്കാക്കര നഗരസഭ ഓഫീസിന്റെ പടിഞ്ഞാറുവശത്താണ് മെയ് 1985 നു മുമ്പ് പഞ്ചായത്ത് ഭരണ സമിതി ബസ് സ്റ്റാന്റ് കോം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിച്ചത്.രണ്ടുവർഷം മുമ്പ് പല കടമുറികളിലും മഴക്കാലത്ത് ചോർച്ചയായയോടെ കച്ചവടക്കാരുടെ പരാതിയെത്തുടർന്ന് നഗര സഭ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ ഷീറ്റിട്ട് പ്രശനം താൽക്കാലികമായി തീർക്കുകയായിരുന്നു.