#എൽ.ഡി.എഫ് പാർലമെന്ററി പാർട്ടിയിൽ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ വിമർശനം
ആലുവ: അംഗങ്ങളോട് മോശമായി പെരുമാറുന്നതിനെതിരെ പ്രതിപക്ഷം നൽകിയ പരാതിയിന്മേൽ നടന്ന എടത്തല ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ അടിയന്തിര യോഗത്തിൽ പ്രസിഡന്റിനെതിരെ വിമർശനപ്പെരുമഴ. പഞ്ചായത്ത് കമ്മിറ്റിക്ക് മുന്നോടിയായി നടന്ന എൽ.ഡി.എഫ് പാർലമെന്ററി പാർട്ടിയിൽ പ്രസിഡന്റിനെതിരെയും വൈസ് പ്രസിഡന്റിനെതിരെയും വിമർശനമുണ്ടായി.
എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോനെതിരെയാണ് പ്രതിപക്ഷ നേതാവ് എൻ.എച്ച്. ഷെബീറിന്റെ നേതൃത്വത്തിൽ എട്ടംഗങ്ങൾ അടിയന്തര കമ്മിറ്റി ചേരണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നത്. ചൂണ്ടി റോസ് നഗർ ഭാഗത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമ പ്രശ്നം വാട്ടർ അതോറിട്ടി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് വാർഡ് മെമ്പർ ജെസിന്ത ബാബു പ്രസിഡന്റിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്ത് വാഹനത്തിൽ വാട്ടർ അതോറിട്ടി ഓഫീസിലേക്ക് പോകാനൊരുങ്ങിയ പ്രസിഡന്റിനൊപ്പം പരാതിക്കാരിയായ മെമ്പറെ കയറ്റാതെ ഒഴിവാക്കിയെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി.
ഭരണത്തിലേറി മൂന്ന് മാസം തികയും മുമ്പ് നിരവധി പരാതികളാണ് ഭരണ സമിതിക്കെതിരെ ഉയർന്നത്. പ്രതിപക്ഷവുമായി കൂടിയാലോചനകൾ നടത്തുന്നില്ലെന്നും മുതിർന്ന അംഗങ്ങളെന്ന പരിഗണനയും ലഭിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് എൻ.എച്ച്. ഷെബീർ ആരോപിച്ചു. മൂന്നാഴ്ച്ച മുമ്പ് നടന്ന എ.ഡി.എസ് അംഗങ്ങളുടെ യോഗം ഉദ്ഘാടനം ചെയ്യാൻ പ്രസിഡന്റിനെ നിശ്ചയിച്ചിട്ടും വരാൻ വൈകി. ഫോണിൽ ബന്ധപ്പെട്ട മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസീന ഹംസയോടും മോശമായി പെരുമാറിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനെതിരെ അവഗണിക്കുന്നതായി പരാതിയുണ്ടായി. സി.പി.എം ഏരിയെ സെക്രട്ടറി കൂടി പങ്കെടുത്ത പാർലമെന്ററി പാർട്ടി യോഗത്തിലും ഇത് ചർച്ചയായി. ബഡ്ജറ്റ് ചർച്ചയിൽ പുറത്തുനിന്നുള്ളയാളെ ആശംസക്ക് വിളിച്ചതും വിവാദമായി. ഇത് പഞ്ചായത്ത് രാജിന്റെ ലംഘനമാണെന്നാണ് പ്രതിപക്ഷ ആക്ഷേപം. എന്നാൽ പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റിന്റെ നിലപാട്.