കൊച്ചി: രാഷ്ട്രപുനർനിർമ്മാണത്തിന് ഭിന്നശേഷിക്കാരുടെ പങ്കും നിർണായകമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. സക്ഷമയ്ക്ക് കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് ലഭിച്ച വാഹനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നിശബ്ദമെങ്കിലും ഫലപ്രദമായി പ്രവർത്തിക്കുന്ന സംഘടനയാണ് സക്ഷമ. രാജ്യത്തിന്റെ അഭിമാനമായി പ്രവർത്തിക്കുന്ന കൊച്ചിൻ കപ്പൽശാലയുടെ ഈ രംഗത്തെ പ്രവർത്തങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. വാഹനത്തിന്റെ താക്കോൽ കൊച്ചിൻ കപ്പൽശാല സി.ആർ.എസ് ഹെഡ് സമ്പത്ത് കുമാറിൽ നിന്ന് വി.മുരളീധരൻ ഏറ്റുവാങ്ങി സക്ഷമ സംസ്ഥാന അദ്ധ്യക്ഷൻ എൻ.ആർ മേനോന് കൈമാറി. ആർ.എസ്.എസ് പ്രാന്തസഹകാര്യവാഹക് എം.കൃഷ്ണൻ, ഡോ.ഗോപാൽ എസ്.പിള്ള, മങ്ങാട്ട് രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

എൻ.ആർ.ഇ.പി.എമ്മിന്റെ കൗൺസിൽ മെമ്പറായി കേന്ദ്ര ഗവൺമെന്റ് നിയോഗിച്ച ഡോ.ഗോപാൽ എസ്.പിള്ളയേയും സാമൂഹ്യ പ്രവർത്തകനും ഭിന്നശേഷിക്കാരനുമായ രാംകുമാർ,സെറിബ്രൽ പാൾസി വൈകല്യത്തെ അതിജീവിച്ച ഗായകൻ ശരത് മോഹൻ എന്നിവരെയും ചടങ്ങിൽ മന്ത്രി ആദരിച്ചു.