കൊച്ചി: കൊച്ചി സിറ്റി പൊലീസിന് കീഴിൽ ഒരു സബ് ഡിവിഷൻകൂടി നിലവിൽ വന്നതോടെ എറണാകുളം എ.സി.പി. ഓഫീസ് സൗത്ത് പൊലീസ് സ്‌റ്റേഷന്റെ കോമ്പൗണ്ടിലെ കെട്ടിടത്തിലേക്ക് മാറി. ഓഫീസിന്റെ പ്രവർത്തന ഉദ്ഘാടനം കമ്മിഷണർ സി.എച്ച്. നാഗരാജു നിർവഹിച്ചു. എറണാകുളം സെൻട്രൽ സ്റ്റേഷനോട് ചേർന്നുള്ള കെട്ടിടത്തിലായിരുന്നു എറണാകുളം എ.സി.പി. ഓഫീസ് പ്രവർത്തിച്ചിരുന്നത്. എറണാകുളം എ.സി.പി.ക്ക് കീഴിൽ എറണാകുളം സൗത്ത്, പാലാരിവട്ടം, മരട്, പനങ്ങാട്, ഹാർബർ, മെട്രോ പൊലീസ് സ്‌റ്റേഷനുകളും, സെൻട്രൽ ഡിവിഷൻ എ.സി.പിക്ക് കീഴിൽ എറണാകുളം സെൻട്രൽ, നോർത്ത്, മുളവുകാട്, കടവന്ത്ര, എളമക്കര, ചേരാനല്ലൂർ സ്‌റ്റേഷനുകളുമാണ് വരുന്നത്. സെൻട്രൽ എ.സി.പിയുടെ ഓഫീസ് എറണാകുളം സെൻട്രൽ പൊലീസ് സ്‌റ്റേഷൻ കോമ്പൗണ്ടിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.