കൊച്ചി: പാരമ്പര്യം പറഞ്ഞ് ഊറ്റം കൊള്ളാതെ ഭാവിയെ പടുത്തുയർത്തുകയെന്ന സന്ദേശം യുവാക്കളിലെത്തിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനകീയ പ്രകടന പത്രിക തയ്യാറാക്കാൻ കൊച്ചിയിൽ യുവജനങ്ങളുമായി സംവദിക്കുകയായിരുന്നു സുരേന്ദ്രൻ.
നാളെ എന്താകണമെന്ന ചിന്തയാണ് ഇനി നമുക്കുവേണ്ടത്. പാരമ്പര്യം പറഞ്ഞുമാത്രം രാഷ്ട്രീയം കൊണ്ടുനടക്കുന്ന രീതി ഒഴിവാക്കണം. പഴഞ്ചൻ ആശയവുമായാണ് ഒരു വിഭാഗത്തിന്റെ രാഷ്ട്രീയ പ്രവർത്തനം. കഴിഞ്ഞ നൂറ്റാണ്ടിലേക്കാണ് മറ്റൊരുവിഭാഗം നമ്മെ നയിക്കാൻ ശ്രമിക്കുന്നത്. കേരളത്തെ വികസനത്തിലേക്ക് നയിക്കാൻ ബി.ജെ.പിക്കേ കഴിയൂ. അതിനാണ് യുവാക്കളുടെ ആശയങ്ങൾ സ്വീകരിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രകടപത്രിക കൊണ്ടുമാത്രം കാര്യമില്ല. കാഴ്ചപ്പാടുള്ള നേതൃത്വത്തെയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അയൽ സംസ്ഥാനങ്ങളിലെ വികസന പ്രവർത്തനങ്ങൾ നാം കാണണം. പ്രത്യയശാസ്ത്രത്തിൽ മാത്രം ഒതുങ്ങിയുള്ള പ്രവർത്തനങ്ങളല്ല അവിടങ്ങളിൽ നടക്കുന്നത്. രാജ്യത്തെക്കുറിച്ച് പ്രധാന മന്ത്രി മോദിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഭരണത്തിൽ വന്നിട്ട് ആറുവർഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ പ്രതിഛായ കൂടുതൽ വർദ്ധിക്കുകയാണ്. മാലിന്യസംസ്‌കരണം, കാലാവസ്ഥാ വ്യതിയാനം, രാഷ്ട്രീയത്തിൽ സ്ത്രീ പങ്കാളിത്തം, പുതിയ കേന്ദ്ര വിദ്യാഭ്യാസ പദ്ധതി, മത്സ്യ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ, ഗതാഗതക്കുരുക്ക് തുടങ്ങി വിവിധ മേഖലകളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ യുവജനങ്ങൾ പങ്കിട്ടു. നിർദ്ദേശങ്ങളിൽ ശ്രദ്ധേയമായവ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷണകുമാർ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി.ശ്യാംരാജ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.എസ് ഷൈജു, സെക്രട്ടറി എസ്.സജി, ദിനിൽ ദിനേശ്,വിഷ്ണു സുരേഷ് എന്നിവർ സംസാരിച്ചു.