കൊച്ചി: മുൻ പ്രവാസികൂടിയായ പത്തനംതിട്ടസ്വദേശി ഷാജി രവീന്ദ്രൻ രചിച്ച 'ഫിയർ ഒഫ് ഡത്ത്' എന്ന ഇംഗ്ലീഷ് നേവലിന്റെ പ്രകാശനം കേന്ദ്രമന്ദ്രി വി.മുരളീധരൻ നിർവഹിച്ചു. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രൊഫ. എം.കെ.സാനു പുസ്തകം ഏറ്റുവാങ്ങി. പുറമേകാണുന്ന ചേഷ്ഠകൾ ആവിഷ്കരിക്കുന്നതല്ല, മറിച്ച് മനുഷ്യന്റെ ആന്തരിക ജീവിതത്തെ ആവിഷ്കരിക്കുന്നതാണ് സാഹിത്യമെന്നും ആ അർത്ഥത്തിൽ ഷാജി രവീന്ദ്രന്റെ പുസ്തകം ആകർഷകവും ഹൃദയത്തെ വശീകരിക്കുന്നതുമായ ഗ്രന്ഥമാണെന്നും പ്രൊഫ. എം.കെ.സാനുപറഞ്ഞു. മനുഷ്യന്റെ അന്തരംഗത്തിൽ നടക്കുന്ന മരണഭീതിയുടെ വിചിത്രങ്ങളായ ചിന്തകളാണ് ഫിയർ ഓഫ് ഡത്ത് എന്ന നോവലിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. സാഹിത്യലോകത്ത് കൂടുതൽ സംഭാവനകൾ നൽകാൻ നോവലിസ്റ്റിന് കഴിയട്ടെ എന്നും സാനുമാഷ് ആശംസിച്ചു.

യഥാർത്ഥസംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നോവൽ രചിച്ചതെന്ന് മറുപടി പ്രസംഗത്തിൽ ഷാജി രവീന്ദ്രൻ പറഞ്ഞു. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് മരണയഭയത്തോടെ ജയിൽ വാസം അനുഭവിക്കേണ്ടിവന്ന കലേശൻ എന്ന യുവാവിന്റെ കഥയാണ് നോവലിന്റെ ഇതിവൃത്തം. ഗൾഫിലും ആഫ്രിക്കൻ രാജ്യങ്ങളിലും എണ്ണ വ്യവസായ മേഖലയിൽ ഉൾപ്പെടെ 40 വർഷത്തെ പ്രവാസജീവിതത്തിലൂടെ ലഭിച്ച അനുഭവങ്ങളാണ് തന്നെയൊരു നോവലിസ്റ്റ് ആക്കിയതെന്നും ഷാജി പറഞ്ഞു. 511 പേജുള്ള പുസ്തകത്തിന് 450 രൂപയാണ് വില. ബുക്ക് പോർട്ടലുകളിൽ നോവൽ ലഭ്യമാണ്.