ആലുവ: കൊവിഡ് വാക്‌സിൻ രജിസ്ട്രേഷനെത്തിയ മുതിർന്ന പൗരന്മാർക്ക് ആലുവ ജില്ലാ ആശുപത്രിയിൽ ദുരിതം. രണ്ട് മണിക്കൂറോളം ക്യു നിർത്തിയ ശേഷം ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് മടക്കി അയച്ചതായാണ് പരാതി. ഇതേതുടർന്ന് നിരവധി പേരാണ് നിരാശയോടെ മടങ്ങിയത്.
ഇന്നലെ രാവിലെ 9 മണി മുതൽ എത്തിയവരോട് 11 മണിയായപ്പോൾ നിർദ്ദേശം ലഭിച്ചില്ലെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു.
ഓൺലൈൻ രജിസ്‌ട്രേഷൻ അറിയില്ലാത്ത മുതിർന്ന പൗരന്മാരാണ് ആശുപത്രിയിൽ രാവിലെ തന്നെ നേരിട്ടെത്തിയത്. നിലവിൽ ഓൺലൈൻ വഴി മാത്രമേ 60 വയസിന് മേലെയുള്ളവർക്ക് പേര് രജിസ്റ്റർ ചെയ്യാനാകൂയെന്നും മറ്റ് സംവിധാനങ്ങളെക്കുറിച്ച് രണ്ട് ദിവസത്തിനുള്ളിൽ നിർദ്ദേശം വരുമെന്ന് കരുതുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു. അതു വരെ സ്വന്തം നിലയിൽ രജിസ്റ്റർ ചെയ്യണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
അതേസമയം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയമിക്കപ്പെട്ട പോളിംഗ് ഓഫീസർമാർക്കുള്ള കുത്തിവയ്പ്പ് ജില്ലാ ആശുപത്രിയിലും കേന്ദ്രമായി അനുവദിച്ച സ്വകാര്യ ആശുപത്രികളിലും പുരോഗമിക്കുകയാണ്. വിദ്യാലയങ്ങളിലെ അധ്യാപകർ, മറ്റ് സർക്കാർ ജീവനക്കാർ എന്നിവർക്കാണ് വാക്‌സിൻ കുത്തി വയ്പ്പ് നൽകുന്നത്. എസ്.എം.എസ് ലഭിക്കുന്ന മുറയ്ക്കാണ് ഇവർക്ക് സമയം നിശ്ചയിച്ചിരിക്കുന്നത്.