നെടുമ്പാശേരി: അടുവാശേരി പാടശേഖരത്തിൽ സൂക്ഷിച്ചിരുന്ന വൈക്കോൽ കൂന രാത്രിയിൽ അഗ്നിക്കിരയായി. കുറ്റിപ്പുഴ പള്ളത്ത് വീട്ടിൽ ശശിയുടെ 40,000ത്തോളം രൂപ വിലവരുന്ന 2,500 ഓളം വൈക്കോലാണ് നശിച്ചത്.
ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കുടിൽ പീടിക ഭാഗത്ത് റോഡിനോട് ചേർന്നാണ് വൈക്കോൽ സൂക്ഷിച്ചിരുന്നത്. രാത്രിയിൽ ഇതുവഴി വാഹനത്തിൽ കടന്നുപോയവർ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതാകാം തീപിടുത്തത്തിന് ഇടയാക്കിയതെന്ന് സംശയിക്കുന്നു. സമീപത്തെ വീട്ടുകാർ തീ ആളികത്തുന്നത് കണ്ട് മറ്റുള്ളവരെ വിവരം അറിയിച്ചതിനാൽ വൻ നഷ്ടം ഒഴിവായി. പറവൂരിൽ നിന്നും എത്തിയ ഫയർഫോഴ്‌സ് യൂണിറ്റും സമീപവാസികളും ചേർന്നാണ് തീയണച്ചത്. കുന്നുകര സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത് അടുവാശേരി പാടശേഖരത്തിൽ ആറര ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് വികലാംഗൻ കൂടിയായ ശശി കൃഷി ചെയ്തിരുന്നത്.
കൊയ്ത് കഴിഞ്ഞ ശേഷം കുറച്ചു വൈക്കോൽ വിൽക്കുകയും ബാക്കിയുള്ളത് രണ്ട് കൂനകളായി അടുക്കി സൂക്ഷിച്ചിരിക്കുകയുമായിരുന്നു. ഇതിൽ ഒരു കൂനയാണ് കത്തി നശിച്ചത്.