കൊച്ചി: വൈവിദ്ധ്യങ്ങളെ മാനിക്കുകയും ഏറ്റവും കുറഞ്ഞ അംഗസംഖ്യയുള്ള വിഭാഗത്തിന്റെ ശബ്ദം ശ്രവിക്കുകയും ചെയ്യുക എന്നുള്ളത് ഭാരതത്തിന്റെയും കൊച്ചിയുടെയും പൈതൃകത്തിൽ അലിഞ്ഞു ചേർന്നതാണെന്ന് മേയർ അഡ്വ. എം. അനിൽകുമാർ പറഞ്ഞു. യൂണിയൻ ഒഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ആംഗ്ലോ ഇന്ത്യൻ വംശജരെ ആദരിക്കുന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ അന്തസത്തയ്ക്കു ചേരാത്ത വിധത്തിൽ നിയമനിർമ്മാണ സഭകളിലേക്കുള്ള ആഗ്ലോ ഇന്ത്യൻ നോമിനേഷൻ പിൻവലിച്ചത് നിർഭാഗ്യകരമാണെന്ന് മുഖ്യാതിഥി ഹൈബി ഈഡൻ എം.പി. അഭിപ്രായപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളായ ഷീബാ ഡുറോം, മിന്നാ വിവേര, ഫ്രീഡാ ഡിക്കുഞ്ഞ, ഷിൽഡ റിബൈറോ, അക്വലിൻ ലോപ്പസ് ,ബെല്ലി മെൻഡസ്, നിക്കോളാസ് ഡിക്കോത്ത, ട്രീസ മാനുവൽ കടുത്തുസ് , എൽഡ ഡിക്രൂസ് എന്നിവർ പങ്കെടുത്തു.ടി .ജെ വിനോദ് എം.എൽ.എ. , ലൂഡി ലൂയിസ് , കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോർജ്, മാർഷൽ ഡിക്കൂഞ്ഞ, ഡാൽബിൻ ഡിക്കൂഞ്ഞ എന്നിവർ സംസാരിച്ചു. ആംഗ്ലോഇന്ത്യൻ ചരിത്രത്തെയും സംഘടനകളെയും കറിച്ചുള്ള സെമിനാറിന് മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ഇഗ്‌നേഷ്യസ് ഗൊൺസാൽവസ് , ലെസ്ലി ഒലിവർ എന്നിവർ നേതൃത്വം നൽകി.