കൊച്ചി:കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എസ്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ മോഡൽ പരീക്ഷകൾക്ക് തുടക്കമായി. ജില്ലയിൽ 31,293 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി മോഡൽ പരീക്ഷയെഴുതിയത്.
ശരീര ഊഷ്മാവ് പരിശോധിച്ച് കൈകളിൽ സാനിറ്റൈസൻ പുരട്ടിയാണ് കുട്ടികളെ പരീക്ഷാ ഹാളിലേക്ക് കയറ്റുന്നത്. മാസ്‌ക് ധരിച്ച് ഒരു ബഞ്ചിൽ രണ്ടാൾ മാത്രം. ഒരു ഹാളിൽ 20 പേരും. ഭക്ഷണം പങ്കിടാൻ പാടില്ല. പരീക്ഷ കഴിഞ്ഞാലും സാനിറ്റൈസർ ഉപയോഗിക്കണം. ബസ് സ്റ്റോപ്പുകളിൽ പോലും വിദ്യാർത്ഥികൾ കൂട്ടംകൂടി നിൽക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ അദ്ധ്യാപകരുണ്ടാകും. ക്വാറന്റൈനിൽ കഴിയുന്ന കുട്ടികൾക്കും പരീക്ഷയെഴുതാൻ സംവിധാനമൊരുക്കിയിരുന്നു.
ആദ്യ ദിനം മലയാളമായിരുന്നു. ചൊവ്വാഴ്ചത്തെ ഇംഗ്ലീഷ് എട്ടിന് നടക്കും. ഇനിയുള്ള ദിവസങ്ങളിൽ രണ്ട് വിഷയങ്ങളിലാണ് പരീക്ഷ നടക്കുക.