കൊച്ചി : ചേരാനെല്ലൂരിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പിന്നെയും പാലിച്ചില്ല. പഞ്ചായത്ത് ചൂണ്ടിക്കാട്ടിയ 11 കേന്ദ്രങ്ങളിൽ ടാങ്കറിൽ കുടിവെള്ളമെത്തിക്കാൻ വാട്ടർ അതോറിട്ടിക്ക് നിർദ്ദേശം നൽകിയ സിംഗിൾബെഞ്ച് ഹർജികൾ മാർച്ച് എട്ടിനു പരിഗണിക്കാൻ മാറ്റി. ചേരാനെല്ലൂരിൽ ജനുവരി അഞ്ചു മുതൽ ജലക്ഷാമം രൂക്ഷമാണെന്നാരോപിച്ച് പ്രദേശവാസിയായ ഡിക്‌സൺ ചക്യാത്ത് ഉൾപ്പെടെ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇന്നലെ ഹർജി പരിഗണനയ്ക്കു വന്നപ്പോൾ 11 കേന്ദ്രങ്ങളിൽ ജലവിതരണം നടത്തണമെന്ന് കാണിച്ച് ഫെബ്രുവരി 26 നു കത്തു നൽകിയെങ്കിലും രണ്ടിടങ്ങളിൽ മാത്രമാണ് വാട്ടർ അതോറിട്ടി ജലവിതരണം നടത്തിയതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ചെറുവഴികളിലേക്ക് ടാങ്കർ ലോറി കടന്നു ചെല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നും ചെറുവഴികളിൽ ജലവിതരണത്തിന്റെ ചുമതല പഞ്ചായത്ത് ഏറ്റെടുക്കണമെന്നും വാട്ടർ അതോറിട്ടിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ വാട്ടർ അതോറിട്ടിയുടെ പൈപ്പ്ലൈനിലേക്ക് ടാങ്കർ ലോറിയിൽ നിന്ന് വെള്ളം കടത്തിവിടുന്ന ചിത്രം ഹാജരാക്കിയ പഞ്ചായത്തിന്റെ അഭിഭാഷകൻ ഇൗ രീതിയിൽ ജലവിതരണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇതെത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തിൽ ഹർജിക്കാരടക്കമുള്ളവർ ആശങ്ക പ്രകടിപ്പിച്ചു. ഏതൊക്കെയിടങ്ങളിലാണ് ജലം എത്തിക്കേണ്ടതെന്നു കാണിച്ച് അസി. എൻജിനീയർ ഫെബ്രുവരി 27 നു കത്തു നൽകിയിട്ടും പഞ്ചായത്ത് മറുപടി നൽകിയില്ലെന്ന് വാട്ടർ അതോറിട്ടി ആരോപിച്ചു. ജലവിതരണത്തിന്റെ പേരിൽ തർക്കം തുടർന്നിട്ടു കാര്യമില്ലെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുകയാണ് വേണ്ടതെന്നും ഹർജി പരിഗണിക്കവെ ഹൈക്കോടതി ചൂണ്ടിക്കാട്ടി.

 ടാങ്കർ ലോറിയുടെ വാടക വേണം : വാട്ടർ അതോറിട്ടി

ഒരു ടാങ്കർ ലോറി മാത്രമാണുള്ളതെന്നും കുമ്പളങ്ങിയിലും കടമക്കുടിയിലുമൊക്കെ ജലവിതരണത്തിനായി ഇത് ഉപയോഗിക്കേണ്ടതിനാൽ ചേരാനെല്ലൂർ പഞ്ചായത്ത് കുടിവെള്ള വിതരണത്തിന് ടാങ്കർ ലോറി ഏർപ്പെടുത്തി നൽകണമെന്ന് വാട്ടർ അതോറിറ്റി ആവശ്യപ്പെട്ടു. കുടിവെള്ളം സൗജന്യമായി നൽകാം. എന്നാൽ ടാങ്കറുകളുടെ വാടക പഞ്ചായത്ത് നൽകണം. തദ്ദേശ ഭരണ സ്ഥാപനത്തിന് ഇതിനായി ഫണ്ട് ലഭിക്കുന്നുണ്ടെന്നും വാട്ടർ അതോറിറ്റി ചൂണ്ടിക്കാട്ടി. ഇത് പഞ്ചായത്ത് സമ്മതിച്ചില്ല. ഒരുതുള്ളി വെള്ളം പോലും ലഭിക്കുന്നില്ലെങ്കിലും പബ്ളിക് ടാപ്പുകളുടെ പേരിൽ മാസം തോറും 1.5 ലക്ഷം രൂപയുടെ ബില്ലാണ് വാട്ടർ അതോറിറ്റി നൽകുന്നത്. ഇൗ മാസവും ബിൽ ലഭിച്ചു. ജലവിതരണത്തിന്റെ ചുമതല വാട്ടർ അതോറിറ്റിക്കാണെന്നും പഞ്ചായത്ത് വാദിച്ചു.

 ''പഞ്ചായത്തും വാട്ടർ അതോറിട്ടിയും ഇൗഗോ വച്ചു പുലർത്തേണ്ടതില്ല. ടാങ്കറിൽ വെള്ളമെത്തിക്കാനുള്ള ഇടക്കാല ഉത്തരവ് പൂർണമായും പാലിച്ചില്ല. ഇതു നടപ്പാക്കുകയാണ് വേണ്ടത് -

സിംഗിൾബെഞ്ച്

 ജനുവരി 5 മുതൽ ജലക്ഷാമം രൂക്ഷം

 പബ്ളിക് ടാപ്പുകളുടെ പേരിലുള്ള ബില്ല് 1.5 ലക്ഷം രൂപയുടേത്

 11 കേന്ദ്രങ്ങളിൽ ജലവിതരണം നടത്താൻ ഉത്തരവ്