
കൊച്ചി: പാലക്കാടും ആലപ്പുഴയും ചുട്ടുപൊള്ളുമ്പോഴും കണക്കിൽ 'താരതമ്യേന കൂളാണ്' എറണാകുളം. മാർച്ച് പകുതിയോടെ കഥയാകെ മാറും. ജില്ല ചൂടിൽ വെന്തുരുകും. കാലാവസ്ഥ നിരീക്ഷകരുടെതാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷങ്ങളിൽ മാർച്ച് തുടക്കത്തിൽ അനുഭവപ്പെട്ടതിനേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെയാണ് ഇപ്പോൾ അന്തരീക്ഷോഷ്‌മാവ്. ഈ നില തുടർന്നാൽ 38 ഡിഗ്രി മുകളിലേക്കുള്ള ചൂട് പട്ടികയിൽ എറണാകുളവും എത്തും.
സംസ്ഥാനത്ത് ഇപ്പോൾ തന്നെ ശരാശരി 35 ഡിഗ്രി സെൽഷ്യസിനോടടുത്ത് ചൂട് അനുഭവപ്പെടുന്നുണ്ട്. അയൽജില്ലകളായ ആലപ്പുഴ, കോട്ടയം, തൃശൂർ എന്നിവിടങ്ങളിൽ ചൂട് ശരാശരിയിലും ഉയർന്നിട്ടുണ്ട്. കോട്ടയത്ത് ഇന്നലെ 37 ഡിഗ്രി സെൽഷ്യസും ആലപ്പുഴയിൽ 32.2 സെൽഷ്യസുമായിരുന്നു ചൂട്. തൃശൂരിലും താപനില ഉയർന്നിട്ടുണ്ട്. ഇതോടൊപ്പം വിവിധ ജില്ലകളിൽ ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം ചൂട് കൂടുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രാ നിർദേശം പുറപ്പെടുവിച്ചു.
നിദ്ദേശങ്ങൾ
# വെയിൽ നേരിട്ട് ഏൽക്കാതിരിക്കാൻ കുടയോ തൊപ്പിയോ ഉപയോഗിക്കണം
# ദാഹമില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കണം
# 65 വയസിന് മുകളിൽ പ്രായമുള്ളവർ, കുട്ടികൾ, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവർ, കഠിന ജോലികൾ ചെയ്യുന്നവർ എന്നിവർക്ക് പ്രത്യേക കരുതലും സംരക്ഷണവും നൽകണം
# കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം
# വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
# ശരീരം മുഴുവൻ മൂടുന്ന അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
# വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
# കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്.
# കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.
# വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകരുത്.
# എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാൽ ഉടൻ ചികിത്സ തേടണം
ചൂടേറ്റ് ഉണർന്നു എ.സി വിപണി
വേനലിന്റെ വരവ് ഭംഗീരമായതോടെ എ.സി വിപണി ഉണർന്നു. കടകളിൽ തിരക്കുമായി. വിപണി സാദ്ധ്യതകൾ മുൻകൂട്ടി നിരവധി ഓഫറുകളും കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂളായിരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും വൈദ്യുത ബിൽ ചോദ്യചിഹ്നമായതിനാൽ ഇൻവെർട്ടർ എസിയോടാണു കൂടുതൽ പേർക്കും പ്രിയം. സാധാരണ എ.സികളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ തോതിലുള്ള വില വ്യത്യാസമുണ്ട്. വൈദ്യുതബില്ലിൽ 30 മുതൽ 40 ശതമാനം വരെ കുറവുണ്ടാകുമെന്നാണു കമ്പനികൾ അവകാശപ്പെടുന്നത്.
ചൂടേറുന്നു
മറ്റ് ജില്ലകളെ അപേക്ഷിച്ച് കൊച്ചിയിൽ താപനില വലിയ തോതിൽ ഉയർന്നിട്ടില്ല. ഈമാസം പകുതിയോടെ ചൂടു കൂടും. സംസ്ഥാനത്ത് പതിവിന് വിപരീതമായി അന്തരീക്ഷോഷ്‌മാവ് രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെയായി ഉയർന്നിട്ടുണ്ട്.
ഡോ.എസ്. അഭിലാഷ്
അസോസിയേറ്റ് ഡയറക്ടർ
റഡാർ സെന്റർ, കുസാറ്റ്