riyasyusuf

കൊച്ചി: വി ഫോർ പീപ്പിൾസ് പാർട്ടി രണ്ടു സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു. ജില്ലയിൽ ആറു സീറ്റുകളിൽ പാർട്ടി മത്സരിക്കും. ജില്ലയ്ക്ക് പുറത്ത് ജനകീയ മുന്നേറ്റ സംഘടനകളുമായി സഹകരിക്കും.

എറണാകുളത്ത് സുജിത് സുകുമാരൻ, തൃക്കാക്കരയിൽ റിയാസ് യൂസഫ് എന്നിവരാണ് സ്ഥാനാർത്ഥികൾ. കൊച്ചിയിൽ നിപുൺ ചെറിയാനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജനകീയ സംഘടനയായി രാഷ്ട്രീയത്തിനതീതമായി രൂപം കൊണ്ട വി. ഫോർ കൊച്ചിയാണ് വി ഫോർ പീപ്പിൾസ് പാർട്ടിയായി മാറിയത്. കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും 10.9 ശതമാനം വോട്ട് നേടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിയമസഭയിലേയ്ക്കും മത്സരിക്കുന്നതെന്ന് നിപുൺ ചെറിയാൻ പറഞ്ഞു.

വൈപ്പിൻ, കളമശേരി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലും പാർട്ടി മത്സരിക്കും. സ്ഥാനാർത്ഥി നിർണയം തുടരുകയാണ്. കിഴക്കമ്പലം ട്വന്റി 20 യുമായി ചർച്ചകൾ നടത്തിയെങ്കിലും ധാരണയിലെത്തിയിട്ടില്ല. വൺ ഇന്ത്യ വൺ പാർട്ടിയുമായി സഹകരിക്കും. ആം ആദ്‌മി പാർട്ടിയുമായി സഹകരിക്കില്ല. ജനകീയ സമരസംഘടനകളുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് ഭാരവാഹികളായ നിപുൺ ചെറിയാനും മാത്യു ജേക്കബും പറഞ്ഞു.

 സുജിത് സുകുമാരൻ

ഐ.ടി രംഗത്ത് 21 വർഷമായി പ്രവർത്തിക്കുന്നു. ഇൻഫോപാർക്കിലെ പ്രമുഖ കമ്പനിയിൽ ഉദ്യോഗസ്ഥൻ. അയ്യപ്പൻകാവ് സ്വദേശി. ഐ.ടി., വിദ്യാഭ്യാസ മേഖലകളിൽ താല്പര്യം. ഫുട്ബോൾ പരിശീലകൻ. വിവരാവകാശ പ്രവർത്തകൻ. ചെറുപ്പക്കാർ സാമൂഹ്യവിഷയങ്ങളിൽ കൂടുതൽ ഇടപെടുകയും പ്രതികരിക്കുകയും വേണമെന്ന അഭിപ്രായക്കാരൻ. സുതാര്യമായ പൊതുപ്രവർത്തനമാണ് ആഗ്രഹം. കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വി ഫോർ കൊച്ചിയുടെ ഐ.ടി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. 43 വയസ്.

 റിയാസ് യൂസഫ്

എം.സി.എ ബിരുദധാരി. ഇഗ്നോയിൽ നിന്ന് എം.എ നേടി. ഐ.എ.എസ് പ്രിമിലനറി എഴുതിയിട്ടുണ്ട്. 65 കരിയർ പരിശീലന കേന്ദ്രങ്ങളിൽ അദ്ധ്യാപകൻ. സർക്കാർ അംഗീകൃത പരിശീലകൻ. വി ഫോർ കൊച്ചിയുടെ തുടക്കം മുതൽ സജീവമായി പ്രവർത്തിക്കുന്നു. സാമൂഹിക ക്ഷേമ പെൻഷനുകൾ ലഭിക്കാത്തവർക്ക് കിട്ടാൻ പ്രവർത്തിക്കുന്നു. പലതും ചെയ്യാൻ കഴിയുന്ന യുവാക്കൾ ദീർഘവീക്ഷണത്തോടെ ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണമെന്ന അഭിപ്രായക്കാരൻ. എറണാകുളം നോർത്ത് സ്വദേശി. വയസ് 33.