തൃക്കാക്കര : ജില്ലാ ഭരണ സിരാ കേന്ദ്രമായ എറണാകുളം സിവിൽസ്റ്റേഷൻ ഉൾപ്പെടുന്ന കാക്കനാട് പോസ്റ്റാഫീസ് പരിധിയിൽ പുതിയ പോസ്റ്റുമാനെത്തിയതോടെ ഇന്നുമുതൽ തപാൽ വിതരണം ആരംഭിക്കും. "വിതരണത്തിന് ആളില്ല, തപാൽ വിതരണം അവതാളത്തിൽ" എന്ന കൗമുദി വാർത്തയെ തുടർന്നായിരുന്നു നടപടി. നിലവിലുണ്ടായിരുന്ന പോസ്റ്റുമാൻ കഴിഞ്ഞ മാസം വിരമിച്ചതിനു ശേഷമാണ് പ്രധാനമായും പ്രതിസന്ധിക്ക് പ്രധാന കാരണം.പുതിയ ആളെത്തിയതോടെ കെട്ടിക്കിടക്കുന്ന സിവിൽസ്റ്റേഷൻ ഉൾപ്പടെയുളള പ്രദേശത്തെ നൂറുകണക്കിന് തപാലുകൾക്ക് ശാപമോക്ഷമാവും.
ഒരാഴ്ച കൊണ്ട് കെട്ടിക്കിടക്കുന്ന തപാലുകൾ വിതരണം ചെയ്ത തീർക്കാനാണ് തപാൽ വകുപ്പ് ലക്ഷ്യമിടുന്നത്.
.ജീവനക്കാരുടെ അഭാവം മൂലം ലോക്കൽ തപാലുകൾ തരംതിരിക്കുക പോലും ചെയ്യാതെ കാക്കനാട് പോസ്റ്റാഫീസിൽ കെട്ടിക്കിടക്കുകയായിരുന്നു . സിവിൽ സ്റ്റേഷനിൽ ആർ.ടി .ഓ,റവന്യൂ,ട്രഷറി,തുടങ്ങി നൂറുകണക്കിന് വിവിധ ഓഫീസുകളിലേക്കുള്ള ജനങ്ങളുടെ അപേക്ഷകളും പരാതികളും ഇതിൽ ഉൾപ്പെട്ടിരുന്നു. സാമ്പത്തിക വർഷാവസാനം പൂർത്തിയാക്കേണ്ട വിവിധ പദ്ധതികളുടെ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നവയിൽ കൂടുതൽ.