radha
സ്വകാര്യ ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ ഗുരുതരമായി പരിക്കേറ്റ ആലങ്ങാട് തിരുവാല്ലൂർ മണക്കാംപറമ്പിൽ അശോകരന്റെ ഭാര്യ രാധ

ആലുവ: അമിത വേഗതയിൽ ഓടിയ സ്വകാര്യ ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. ആലങ്ങാട് തിരുവാല്ലൂർ മണക്കാംപറമ്പിൽ അശോകരന്റെ ഭാര്യ രാധക്കാണ് (52) പരിക്കേറ്റത്.

തിങ്കളാഴ്ച്ച രാവിലെ എട്ടരയോടെ ആലുവ - വരാപ്പുഴ റോഡിൽ തിരുവാല്ലൂർ മറിയപ്പടിക്ക് സമീപമായിരുന്നു സംഭവം. വരാപ്പുഴയിൽ നിന്നും ആലുവയിലേക്ക് വന്ന സെന്റ് ജോസഫ് ബസാണ് അപകടം വരുത്തിയത്. ആലുവ സോൾജിയർ സെക്യൂരിറ്റി സർവീസിലെ ജീവനക്കാരിയായ രാധ ആലുവ ഇൻകം ടാക്സ് ഓഫീസിലാണ് ഡ്യൂട്ടി ചെയ്യുന്നത്. സീറ്റ് ഒഴിവില്ലാത്തതിനാൽ ബസിൽ നിന്ന് യാത്ര ചെയ്യുകയായിരുന്നു. അമിത വേഗതയിൽ വളവ് തിരിഞ്ഞപ്പോൾ കൈപിടിച്ചിരുന്ന ബസിലെ പ്ളാസ്റ്റിക്ക് വളയം പൊട്ടിയതിനെ തുടർന്നാണ് രാധ റോഡിലേക്ക് തെറിച്ചത്. ബസിന് പിന്നാലെ രാധയുടെ ഭർത്താവ് വെൽഡിംഗ് തൊഴിലാളിയായ അശോകൻ മഞ്ഞപ്രയിലെ ജോലി സ്ഥലത്തേക്ക് പോകുന്നുണ്ടായിരുന്നു. ആൾക്കൂട്ടം കണ്ട് ബൈക്ക് നിർത്തി നോക്കിയപ്പോഴാണ് ഭാര്യയാണെന്ന് തിരിച്ചറിഞ്ഞത്.

തുടർന്ന് പിന്നാലെ വന്ന കാറിൽ ആലുവ കാരോത്തുകുഴി ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുൻ ഭാഗത്തെ പല്ല് കൊഴിഞ്ഞതിന് പുറമെ ചുണ്ടിനകത്ത് ഒമ്പത് തുന്നലും ഇടേണ്ടി വന്നു.