നെടുമ്പാശേരി: കൊവിഡ് പ്രതിസന്ധിയിൽ മികച്ച സേവനം നൽകിയ ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് കേരള ബാങ്ക് ഏർപ്പെടുത്തിയ അവാ‌ർഡിന് പാറക്കടവ് സർവീസ് സഹകരണ ബാങ്ക് അർഹമായി.

കൊവിഡ് കാലത്ത് സംഘങ്ങൾ നടത്തിയ മികച്ച സാമൂഹ്യ പ്രവർത്തനങ്ങളും സാധാരണക്കാരന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനുള്ള വിവിധ സാമ്പത്തിക ഇടപെടലുകളും പരിഗണിച്ചാണ് അവാർഡ് നൽകിയത്. കാർഷിക കാർഷികാനുബന്ധ മേഖലയിലെ പ്രവർത്തനം, സുഭിക്ഷ കേരളം പദ്ധതിയുടെ നിർവഹണം, ദുരിതാശ്വാസ സഹായങ്ങൾ, കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനങ്ങൾ, കാർഷിക സംരംഭ മേഖലയിലെ വായ്പാ വിതരണം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവന, പ്രാഥമിക സംഘങ്ങളുടെ സ്വന്തം ഫണ്ടു പയോഗിച്ചുള്ള ബ്രേക്ക് ദ ചെയിൻ കാമ്പെയിനുകൾ തുടങ്ങി വിവിധ സേവനങ്ങളും, വിപണിയിൽ പണലഭ്യത ഉറപ്പാക്കാൻ നടത്തിയ സാമ്പത്തിക പ്രവർത്തനങ്ങളും പരിഗണിച്ചിരുന്നു.
അപേക്ഷകൾ കേരള ബാങ്കിന്റെ ബ്രാഞ്ച്, ജില്ലാ, റീജിയണൽ, ഹെഡ് ഓഫീസ് തലത്തിലും വിലയിരുത്തിയാണ് അവാർഡ് പ്രഖ്യാപിച്ചത്.സംസ്ഥാന തലത്തിൽ കൊല്ലം കടക്കൽ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനവും കണ്ണൂർ ചെറുതാഴം സർവീസ് സഹകരണ ബാങ്കിന് രണ്ടാം സ്ഥാനവും ലഭിച്ചു.