
കൊച്ചി: കിഴക്കമ്പലം ട്വന്റി 20 മത്സരത്തിന് അണിയറയൊരുക്കം തുടരുന്നതിനിടെ കുന്നത്തുനാട്ടിൽ മുന്നണികളുടെ നെഞ്ചിടിക്കുന്നു. സീറ്റ് കൈവശമുള്ള യു.ഡി.എഫിനാണ് ഏറെ ആധി. സിറ്റിംഗ് എം.എൽ.എയ്ക്കെതിരെ മുൻ യൂത്ത് കോൺഗ്രസ് നേതാവിനെ മുൻനിറുത്തി എൽ.ഡി.എഫ് പ്രചാരണവും മുറുക്കിയതോടെ യു.ഡി.എഫും പ്രതികരണവുമായി രംഗത്തിറങ്ങി.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട് മണ്ഡലത്തിലുൾപ്പെട്ട കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂർ പഞ്ചായത്തുകളുടെ ഭരണം ട്വന്റി 20 പിടിച്ചെടുത്തിരുന്നു. വെങ്ങോല പഞ്ചായത്തിലും പകുതിയിൽ താഴെ സീറ്റുകൾ നേടി. ജില്ലാ പഞ്ചായത്തിലും ബ്ളോക്ക് പഞ്ചായത്തുകളിലും വിജയിച്ച ട്വന്റി 20 നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോപ്പുകൂട്ടുകയാണ്. ജില്ലയിൽ അംഗത്വവിതരണവും ആരംഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് ലഭിച്ചാൽ കുന്നത്തുനാട്ടിൽ അവർക്ക് ജയിക്കാനും കഴിയുമെന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്.
ട്വന്റി 20 യെ മത്സരത്തിൽ നിന്ന് പിന്മാറ്റാൻ കോൺഗ്രസും സി.പി.എമ്മും സമ്മർദ്ദം ആരംഭിച്ചിട്ടുണ്ട്. രണ്ടു പാർട്ടികളുടെയും മുന്നണികളുടെയും മുതിർന്ന നേതാക്കൾ ട്വന്റി 20 യുടെ ചീഫ് കോ ഓർഡിനേറ്റർ സാബു ജേക്കബുമായി ചർച്ചകൾ നടത്തിയെങ്കിലും അനുകൂല നിലപാടല്ലെന്നാണ് സൂചന. സമീപത്തെ പെരുമ്പാവൂർ, ആലുവ തുടങ്ങിയ മണ്ഡലങ്ങളിലും അവർ മത്സരിച്ചാൽ മുന്നണികൾക്ക് കടുത്ത വെല്ലുവിളിയായി മാറുമെന്നാണ് വിലയിരുത്തൽ. തീരുമാനം വ്യക്തമാക്കാൻ ട്വന്റി 20 വൃത്തങ്ങൾ തയ്യാറായിട്ടില്ല.
എം.എൽ.എയ്ക്കെതിരെ ആരോപണങ്ങൾ
രണ്ടു തവണയായി വിജയിക്കുന്ന കോൺഗ്രസിലെ വി.പി. സജീന്ദ്രനെതിരെ കരുനീക്കവും ശക്തമായി. മുൻ യൂത്ത് കോൺഗ്രസ് നേതാവായ ജയകുമാറിന്റെ ആരോപണങ്ങൾ എൽ.ഡി.എഫും ഏറ്റെടുത്തതോടെ വിവാദം മുറുകി. എം.എൽ.എയും പേഴ്സണൽ സ്റ്റാഫും അനധികൃത സമ്പാദ്യം നേടിയെന്നതുൾപ്പെടെയാണ് ആരോപണങ്ങൾ.
കുടുംബത്തെ വേട്ടയാടുന്നു
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് തന്നെയും കുടുംബത്തെയും വേട്ടയാടുന്നതെന്ന് വി.പി. സജീന്ദ്രൻ എം.എൽ.എ. പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ടയാളെ കൂട്ടുപിടിച്ചാണ് സി.പി.എം അസത്യം പ്രചരിപ്പിക്കുന്നതെന്ന് എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അനധികൃത ബാങ്കിടപാട് നടത്തിയെന്നത് പച്ചക്കള്ളമാണെന്ന് പറഞ്ഞ സജീന്ദ്രൻ ബാങ്ക് രേഖകളും ഹാജരാക്കി. കാനറാ ബാങ്ക് കോലഞ്ചേരി ശാഖയിലെ അക്കൗണ്ട് തിരഞ്ഞെടുപ്പിന് ശേഷം ക്‌ളോസ് ചെയ്തു. കെ.പി.സി.സി നൽകിയതും സുഹൃത്തുക്കൾ നൽകിയ സംഭാവനകളും അക്കൗണ്ടിലേക്കാണ് വന്നത്.
പേഴ്‌സണൽ സ്റ്റാഫംഗത്തിന്റെ ഖത്തറിൽ ജോലി ചെയ്യുന്ന സഹോദരി ഭർത്താവിന്റെ രണ്ട് വീടുകളുടെ വാടകത്തുക മാത്രമാണ് സ്റ്റാഫംഗത്തിന്റെ അക്കൗണ്ടിലൂടെ ഇടപാട് നടത്തിയത്.
2000 മുതൽ ഗ്യാസ് ഏജൻസി നടത്തുന്നുണ്ട്. സ്വത്തിൽ വന്ന വ്യത്യാസം വൈക്കത്ത് ഭാര്യയുടെ പേരിലുണ്ടായിരുന്ന വസ്തു വിറ്റ് മണ്ഡലത്തിൽ വീട് വയ്ക്കാൻ 15 സെന്റ് സ്ഥലം വാങ്ങിയത് മാത്രമാണ്.
സർക്കാർ രേഖകൾ ദുർവ്യാഖ്യാനം ചെയ്ത് വ്യാജ പ്രചാരണവും വ്യക്തിഹത്യയും നടത്തുന്നതിനെതിരെ ഗവർണർ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ, ജില്ലാ വരണാധികാരി എന്നിവർക്ക് പരാതി നൽകിയതായി അദ്ദേഹം പറഞ്ഞു.