
കൊച്ചി: സംസ്ഥാനത്തെ ലോട്ടറി നിയമവും ചട്ടവും ലംഘിച്ച് സിക്കിം ലോട്ടറി വിറ്റെന്ന കേസിൽ വഞ്ചനാക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്യസംസ്ഥാന ലോട്ടറിയുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കാൻ ലോട്ടറി വില്പനയിൽ പങ്കാളിയായിരുന്ന എം.ജെ അസോസിയേറ്റ്സിന്റെ പാർട്നറും ചെന്നൈ സ്വദേശിയുമായ ജയമുരുകൻ നൽകിയ ഹർജി തള്ളിയാണ് സിംഗിൾബെഞ്ച് ഉത്തരവ്.
സിക്കിം സർക്കാരിന് പരാതിയില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹർജിക്കാരൻ വഞ്ചനാക്കുറ്റം നിലനിൽക്കില്ളെന്ന് വാദിച്ചു. നിയമം പാലിച്ചാണ് വിൽക്കുന്നതെന്ന് വിശ്വസിച്ച് ലോട്ടറി വാങ്ങിയ കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചെന്ന ആരോപണം കൂടി പരിഗണിക്കണമെന്ന് ഹൈക്കോടതി ഒാർമ്മപ്പെടുത്തി.
സാന്റിയാഗോ മാർട്ടിന്റെ മാർട്ടിൻ ലോട്ടറി ഏജൻസീസിനെയാണ് സിക്കിം സർക്കാർ ലോട്ടറി കച്ചവടത്തിന് നിയോഗിച്ചത്. സിക്കിം, ഭൂട്ടാൻ ലോട്ടറികളുടെ വില്പനയ്ക്കായി ഹർജിക്കാരനും സാന്റിയാഗോ മാർട്ടിനും ചേർന്ന് എം.ജെ അസോസിയേറ്റ്സ് എന്ന കമ്പനിക്ക് രൂപം നൽകി. ഹർജിക്കാരന് 49 ശതമാനവും മാർട്ടിന് 51 ശതമാനവുമാണ് ഒാഹരി. മാർട്ടിൻ ലോട്ടറി അസോസിയേറ്റ്സ് പിന്നീട് ഫ്യൂച്ചർ ഗെയിമിംഗ് സൊല്യൂഷൻസ് ഇന്ത്യ എന്ന് പേരു മാറ്റി.
ലോട്ടറി നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ ഭാഗ്യക്കുറി വില്പന നടത്തിയെന്നാരോപിച്ച് കേരളത്തിലെ ലോട്ടറി നിരീക്ഷണ സെൽ നൽകിയ പരാതിയിൽ 2010ലാണ് പൊലീസ് കേസെടുത്തത്. പിന്നീട് സി.ബി.ഐക്ക് അന്വേഷണം കൈമാറി. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 32 കേസുകളുണ്ടായി. 23 കേസുകളിൽ അന്വേഷണം അവസാനിപ്പിച്ച സി.ബി.ഐ ഏഴെണ്ണത്തിൽ എറണാകുളം സി.ജെ.എം കോടതിയിൽ കുറ്റപത്രം നൽകി.
2009-2010 വർഷത്തിൽ 4970.42 കോടി രൂപയുടെ ലോട്ടറി വില്പന നടത്തിയിട്ടും 14.93 കോടി രൂപമാത്രമാണ് സിക്കിം സർക്കാരിന് നൽകിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇൗ കേസുകളിലെ അഞ്ചാം പ്രതിയായ ജയമുരുകൻ കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി വിചാരണക്കോടതി തള്ളിയിരുന്നു.