കോലഞ്ചേരി: വേനൽ കടുത്തതോടെ സംസ്ഥാനത്തെ ക്ഷീരകർഷകർ പ്രതിസന്ധിയിൽ. പാൽ ഉൽപാദനത്തിൽ ഇടിവ് വന്നതിനൊപ്പം കാലിത്തീറ്റ, വൈക്കോൽ എന്നിവയുടെ വിലവർദ്ധനയും പച്ചപ്പുല്ല് കിട്ടാനില്ലാത്തതുമാണ് കർഷകരെ കുഴക്കിയത്. കുടിവെള്ള ദൗർലഭ്യതയും കാലികളെ ബാധിക്കുന്നുണ്ട്. സൂര്യതാപം ഏൽക്കാതിരിക്കാൻ പകൽ സമയങ്ങളിൽ തൊടികളിൽ ഇറക്കിക്കെട്ടരുതെന്നാണ് നിർദ്ദേശം. ഇതും കർഷകർക്ക് തിരിച്ചടിയാണ്. പുല്ല് വെട്ടിയെടുത്ത് എത്തിക്കുകയാണ് പോംവഴി. ഇതിന് കൂലി ചിലവും കൂടുതലാണ്. കഴിഞ്ഞവർഷം കാലിത്തീറ്റയ്ക്ക് ചാക്കൊന്നിന് 1,030 രൂപയും ഒരു കെട്ട് വൈക്കോലിന് 8 രൂപയുമായിരുന്നു വില. ഇപ്പോൾ കാലിത്തീറ്റയ്ക്ക് 1,200 രൂപയാണ് നൽകേണ്ടത്. വൈക്കോലിനാകട്ടെ 11 രൂപയും. 20 ലിറ്റർ പാൽ ലഭിക്കുന്ന പശുവിന് 270 രൂപ ഒരുദിവസം ചെലവ് വരുന്നു. അന്തരീക്ഷ ഊഷ്മാവിലുണ്ടായ വർദ്ധനമൂലം 10 ലിറ്റർ പാൽ ദിവസേന നൽകിയിരുന്ന പശുവിൽനിന്ന് ഇപ്പോൾ കിട്ടുന്നത് 7 ലിറ്റർ മാത്രമാണ്. അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞിട്ടും കാലിത്തീറ്റയുടെ വില കുറയാത്തതാണ് കർഷകരെ വലയ്ക്കുന്നത്. ക്ഷീരകർഷകന് കാലിത്തീറ്റയും പുല്ലും മറ്റും സർക്കാർ സബ്‌സിഡി നിരക്കിൽ നൽകിയാൽ മാത്രമേ പ്രശ്‌നം പരിഹരിക്കാൻ കഴിയൂ എന്നാണ് ക്ഷീര കർഷകർ പറയുന്നത്.
പച്ചപ്പുല്ല് കിട്ടാനില്ല
പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവ് പാൽ ഉൽപാദനത്തെ ബാധിച്ചതായി കർഷകർ പറയുന്നു. അതോടൊപ്പം ജലക്ഷാമംകൂടി വന്നതോടെ പരിപാലനവും ഏറെ ദുഷ്‌കരമായി. പാലിന്റെ കൊഴുപ്പ് നോക്കി പരമാവധി 35 - 38 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. 45 രൂപയെങ്കിലും ലഭിച്ചാൽ മാത്രമാണ് നഷ്ടം വരാതെ മുന്നോട്ടു പോകാൻ കർഷകർക്ക് കഴിയൂ.
കർഷകരെ തൊഴിലുറപ്പ് തൊഴിലാളികളായി അംഗീകരിക്കുകയോ, പാലിന് സബ്സിഡി നൽകിയോ ചെയ്താൽ മാത്രമാണ് പ്രശ്നത്തിന് പരിഹാരമുണ്ടാകൂ.
വി.എം.ജോർജ്, ജില്ലാ പ്രസിഡന്റ് , ആപ്കോസ് പ്രസിഡന്റ്സ് അസോ.