വൈപ്പിൻ: പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ നടത്തിയ വാഹനപണിമുടക്ക് വൈപ്പിൻ മേഖലയിൽ പൂർണം. നൂറ്റമ്പതോളം സ്വകാര്യ ബസുകളും അമ്പതോളം കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്തുന്ന വൈപ്പിൻ പറവൂർ മുനമ്പം റൂട്ടുകളിൽ ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. മത്സ്യം, പച്ചക്കറികൾ കയറ്റി വരുന്ന വാഹനങ്ങളും ഇറങ്ങിയില്ല.
വിവിധ ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ രാവിലെ വിവിധ ഭാഗങ്ങളിൽ പ്രകടനങ്ങളും യോഗങ്ങളും നടന്നു. ചെറായി ജംഗ്ഷനിലെ യോഗത്തിൽ അഡ്വ. കെ വി എബ്രഹാം , പി. ബി. സജീവൻ , പി. കെ. ജയൻ , അനിൽ, ഷിജു എന്നിവർ പ്രസംഗിച്ചു.