വൈപ്പിൻ: നായരമ്പലം സബ് ട്രഷറിയിൽ പണമിടപാടുകൾ മുടങ്ങുന്നത് പതിവായി. നിരന്തരമുണ്ടാകുന്ന ഇന്റർനെറ്റ് സർവർ തകരാറുകൾ, അടിക്കടി ഉണ്ടാകുന്ന വൈദ്യുതി മുടക്കം എന്നിവ മൂലം പണമിടപാടുകൾ സുഗമമായി നടത്താൻ കഴിയുന്നില്ല. വൈദ്യുതിക്ക് തടസമുണ്ടാകുമ്പോൾ പ്രവർത്തനം തുടരാൻ കഴിയുന്ന യു.പി.എസ് സംവിധാനം കപ്പാസിറ്റി വ്യത്യാസം മൂലം ട്രഷറിയിൽ നിന്ന് കൊണ്ട് പോയിട്ട് തിരികെ എത്തിച്ചിട്ടില്ല.
മാസത്തിന്റെ ആദ്യ പത്ത് ദിവസങ്ങളിൽ സർവീസ് പെൻഷൻകാരുടെ തിരക്കായിരിക്കും. ഈ ദിവസങ്ങളിൽ ഉണ്ടാകുന്ന ഇന്റർനെറ്റ് , വൈദ്യുതി തടസങ്ങൾ മൂലം വയോധികരായ പെൻഷൻകാർ ട്രഷറിയിൽ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ടിവരുന്നു.
നായരമ്പലം സബ് ട്രഷറി യിൽ ഇത്തരം അനുഭവങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ടെന്നും ഇതിന് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ചെറായി യൂണിറ്റ് പ്രസിഡന്റ് ഇ. കെ. ഭാസി അധികൃതരോട് ആവശ്യപ്പെട്ടു.