km-muraleedharan
കെ.എ. മുരളീധരൻ

തൃപ്പൂണിത്തുറ: കേരള കോൺഗ്രസ് രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയും കെ.പി.സി.സി അംഗവുമായിരുന്ന കെ.വി. അച്യുതന്റെ മകനും ആകാശവാണിയിൽ പ്രവർത്തിച്ച് പ്രസാർ ഭാരതിയിൽ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച കെ.എ. മുരളീധരൻ ബി.ജെ.പിയിൽ ചേർന്നു. തൃപ്പൂണിത്തുറയിൽ നടന്ന വിജയയാത്ര സമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമന്റെ കൈയിൽ നിന്ന് അംഗത്വം സ്വീകരിച്ചു. തൃപ്പൂണിത്തുറ പേട്ടയിലാണ് കുടുംബസമേതം താമസം. സാമൂഹ്യ സാംസ്കാരികരംഗത്ത് സജീവമായ ഇദ്ദേഹം ബി.ജെ.പി ടിക്കറ്റിൽ മാവേലിക്കര, അടൂർ, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നു.

കോൺഗ്രസിൽനിന്ന് അച്ഛന് നേരിടേണ്ടിവന്നത് തിക്താനുഭവങ്ങളായിരുന്നുവെന്ന് മുരളീധരൻ പറയുന്നു. 1970ൽ പന്തളത്തുനിന്ന് നിയമസഭയിലേക്ക് മത്സരിക്കാൻ കോൺഗ്രസ് ടിക്കറ്റ് നൽകാമെന്ന് സമ്മതിച്ചെങ്കിലും അവസാനഘട്ടം വന്നപ്പോൾ അത് ദാമോദരൻ കാളാശേരിക്ക് നൽകി. തുടർന്ന് 77ൽ പാർട്ടി ലിസ്റ്റിൽ വന്നെങ്കിലും അന്നും കാളാശേരിയെ പരിഗണിച്ചു. സഹോദരങ്ങൾ കോൺഗ്രസ് പ്രവർത്തകരായിരുന്നു. എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ മുൻകൂട്ടി കണ്ടുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനം തന്നെ ബി.ജെ.പിയിലേക്ക് ആകർഷിച്ചതായി മുരളീധരൻ പറയുന്നു.