ear

കൊച്ചി: ലോകത്തിൽ 36 കോടി ജനങ്ങളാണ് കേൾവിക്കുറവ് മൂലം കഷ്ടപ്പെടുന്നത്. കുട്ടികൾ മുതൽ പ്രായമായവരിൽ വരെ കേൾവിക്കുറവ് പ്രശ്നമാണ്. ഇത്തരം വ്യക്തികൾ സമൂഹത്തിൽ നിന്ന് മാ​റ്റി നിറുത്തപ്പെടുന്നു. ഇത് ഇവരെ വിഷാദരോഗത്തിലേക്ക് എത്തിക്കുന്നതായി ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. കേൾവി കുറയുമ്പോൾ ആശയവിനിമയം ബുദ്ധിമുട്ടാവുകയും ഏകാന്തതയ്ക്കും സാമൂഹിക ഒറ്റപ്പെടലിനും കാരണമാവുകയും ചെയ്യുന്നു. കേൾവിക്കുറവുള്ളവർക്ക് കേൾക്കാൻ ഉറക്കെ പറയുകയോ ശബ്ദം കൂട്ടിവയ്ക്കുകയോ മതിയെന്നാണ് പൊതുവെയുള്ള ധാരണ. ശബ്ദവും വാക്കുകളും വേർതിരിച്ചറിയാനുള്ള കഴിവ് കുറവാണ് യഥാർത്ഥ പ്രശ്‌നം.

 പ്രശ്നം ഗുരുതരം

കേൾവിക്കുറവുള്ളവർക്ക് മറ്റുള്ളവവരുമായി ആശയവിനിമയം നടത്താൻ വളരെ ബുദ്ധിമുട്ടാണ്. അത് അവരിൽ അപകർഷതാബോധത്തിനും ലജ്ജയ്ക്കും കാരണമാകാം. ഇതുമൂലം ശ്രവണസഹായി യന്ത്രങ്ങൾ മറച്ചുവയ്ക്കാനുള്ള പ്രവണത പോലും കൂടുതലാണ്. സാമൂഹിക കണ്ടുമുട്ടലുകളിൽ നിന്നും ഒഴിഞ്ഞുനിൽക്കാനും ഒ​റ്റപ്പെട്ട ജീവിതം നയിക്കുന്നതിലേക്കും എത്തിക്കുന്നു. ഇത് ഇത്തരക്കാരിൽ മാനസിക പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നു. ശ്രവണവൈകല്യമുള്ള കുട്ടികൾക്ക് വൈകാരികവും സ്വാഭാവികവും മാനസിക വളർച്ചയുമായും ബന്ധപ്പെട്ട അസുഖങ്ങൾ ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണ്. പ്രത്യേകിച്ച് സാദ്ധാരണ കേൾവിയുള്ള കുടുംബങ്ങളിൽ ജനിക്കുന്ന കുട്ടികൾക്ക്. കൃത്യമായ പരിചരണം നൽകുന്നതിലൂടെ മാത്രമെ ഇതിനെ അതിജീവിക്കാൻ സാധിക്കുകയുള്ളൂ.

 പരിഹാരം എളുപ്പം

ഏ​റ്റവും വേഗത്തിലുള്ള രോഗനിർണയവും നേരേത്തെയുള്ള ഇടപെടലുമാണ് ഉചിതമായ പരിഹാരം. ഇത് കുട്ടികൾക്കും മാതാപിതാക്കൾക്കും പൊരുത്തപ്പെടാനും കുട്ടിയുടെ ഭാഷാവികസനത്തിനും സഹായിക്കും. കേൾവിക്കുറവുള്ളവർക്ക് കൃത്യമായ പരിചരണവും ചികിത്സയും നൽകുന്നതാണ് പ്രധാനം.

ഡോ. ജോ‌ർജ് കുരുവിള

ഇ.എൻ.ടി സ്പെഷലിസ്റ്റ്

ലൂർദ് ഹോസ്പിറ്റൽ

 ശ്രുതിതരംഗം ആശ്വാസം

രാജ്യത്ത് പ്രതിവർഷം 25,000 കുട്ടികൾ ബധിരരായി ജനിക്കുന്നുണ്ട്. കോക്ളിയർ ഇംപ്ളാന്റ് മാത്രമാണ് അവർക്ക് പരിഹാരം. സംസ്ഥാന സർക്കാരിന്റെ ശ്രുതിതരംഗം പദ്ധതിയിലൂടെ 1200 കുട്ടികൾക്ക് കേൾവി തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഡോ. നൗഷാദ്

ഇ.എൻ.ടി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ