കോലഞ്ചേരി: വോട്ടെടുപ്പ് ചൂടിലേയ്ക്ക് നാടും നഗരവും കടക്കുമ്പോൾ, വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയലാണ് വോട്ടർമാർ ആദ്യം ചെയ്യേണ്ടത്. വിപുലമായ സൗകര്യങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതിനായി ഒരുക്കിയിരിക്കുന്നത്. എസ്. എം. എസ് മുഖാന്തിരം അറിയുന്നതിന് ELE സ്പെയിസ് വോട്ടർ ഐഡികാർഡ് നമ്പർ ടൈപ്പ് ചെയ്ത് 56677 നമ്പറിൽ അയക്കാവുന്നതാണ്. ടോൾ ഫ്രീ നമ്പറായ 1950 രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ വിളിച്ചാലും വിവരം ലഭിക്കും.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റായ www.ceo.kerala.gov.in പരിശോധിച്ചാൽ പുതുക്കിയ വോട്ടർ പട്ടിക ലഭിക്കും.

നാഷണൽ വോട്ടേഴ്സ് സർവ്വീസ് പോർട്ടലായ www.nvsp.in വോട്ടുണ്ടോ എന്ന് പരിശോധിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ വോട്ടേഴ്സ് ഹെൽപ്പ് ലൈൻ എന്ന മൊബൈൽ ആപ്പ് വഴിയും പരിശോധന നടത്താം. ജില്ലയിൽ ഏഴ് താലൂക്കുകളിലായി 14 നിയമസഭ മണ്ഡലങ്ങളിൽ ആകെ 3899 പോളിംഗ് സ്‌റ്റേഷനുകളാണുള്ളത്. മുൻ തിരഞ്ഞെടുപ്പുകളിൽ 2252 പോളിംഗ് സ്‌റ്റേഷനുകളാണുണ്ടായിരുന്നത്. 1647 പോളിംഗ് സ്‌റ്റേഷനുകളാണ് അധികമായി സജ്ജമാക്കുന്നത്. ജില്ലയിലെ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി ആകെ 32392 പേരെയാണ് നിയമിക്കുന്നത്. ആധുനിക സംവിധാനങ്ങളെ തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കിയതിനൊപ്പം പോളിംഗ് സ്റ്റേഷനുകളിലും എല്ലാവിധ സംവിധാനങ്ങളുമൊരുക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.

ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കും

പോളിംഗ് സ്റ്റേഷന് മുന്നിൽ തണലൊരുക്കുന്നതിൽ തുടങ്ങി വികലാംഗർക്കും പ്രായം ചെന്നവർക്കും ബൂത്തിൽ കയറാനുള്ള റാംപ് വരെ വോട്ടർമാർക്കായി ഒരുക്കും. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും കുടിവെള്ളം, മൂത്രപ്പുര, നിലവാരമുള്ള വോട്ടിംഗ് കംപാർട്‌മെന്റുകൾ തുടങ്ങിയ സജ്ജീകരണങ്ങളുമുണ്ടാകും. ബൂത്തുകൾക്ക് മുന്നിലെല്ലാം ബൂത്ത് ലെവൽ ഓഫീസർമാരുടെ മേൽനോട്ടത്തിൽ ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കും.