മൂവാറ്റുപുഴ: സംയുക്ത സമരസമതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് മൂവാറ്റുപുഴയിൽ പൂർണ്ണം. പെട്രോൾ - ഡീസൽ വില ദിവസേന കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ചാണ് മോട്ടോർ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലാളികളും പണിമുടക്കിയത്. കെ.എസ്.ആർ.ടി.സി ജീവനക്കാരും പണിമുടക്കി. സ്വകാര്യ ബസുകളും , ടാക്സികളും ഓട്ടോറിക്ഷകളും ഓടിയില്ല . വർക്ക് ഷോപ്പുകളും പ്രവർത്തിച്ചില്ല. ഇരുചക്ര വാഹനങ്ങളും ചുരുക്കം സ്വകാര്യ വാഹനങ്ങളും മാത്രമാണ് ഓടിയത്. വാഹന സർവീസ് ഇല്ലാത്തതിനാൽ വ്യാപാരസ്ഥാപനങ്ങളും , ഹോട്ടലുകളും തുന്നിരുന്നില്ല. ചെറികടകൾ മാത്രമാണ് തുറന്നിരുന്നത്.വാഹന ഗതാഗതം ഇല്ലാത്തതിനാൽ വിവിധ ഓഫീസുകളിൽ ഹാജർനില കുറവായിരുന്നു. പണിമുടക്കിയ തൊഴിലാളികൾസംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ നഗരത്തിൽ പ്രകടനം നടത്തി. കച്ചേരിത്താഴത്തു നിന്ന് ആരംഭിച്ച പ്രകടനത്തിന് വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ സി.കെ.സോമൻ, പി.എബ്രാഹിം, എം.എ .സഹീർ, കെ.ജി.അനിൽകുമാർ, പി.എം.ഏലിയാസ് എന്നിവർ നേതൃത്വം നൽകി.