തോപ്പുംപടി: കൊച്ചിക്കായലിൽ തുറമുഖ പരിധിയിൽ അനധികൃതമായി ബോട്ട് ജെട്ടികൾ നിർമ്മിക്കുന്നതിനെതിരെ നടപടിയുമായി കൊച്ചി തുറമുഖ ട്രസ്റ്റ് രംഗത്ത്. ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി മേഖലകളിൽ സ്വകാര്യ വ്യക്തികളും ടൂറിസ്റ്റ് സർവീസ് കേന്ദ്രങ്ങളും ജെട്ടികൾ നിർമ്മിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. കൂടാതെ തുറമുഖ ട്രസ്റ്റ് നിശ്ചയിക്കുന്ന പ്രതിവർഷ വാടകയും ഇവരിൽ നിന്നും ഈടാക്കും. കായൽ മേഖലകളിൽ കൈയേറ്റം നടത്തിക്കൊണ്ടുള്ള നിർമ്മാണങ്ങളും നീക്കംചെയ്യും. ഇവയുടെ പ്രവർത്തനങ്ങൾ പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്ന അവസ്ഥയിലാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പുകളും നടപടി സ്വീകരിക്കും. തുറമുഖ പരിധിയിലെ കായൽ കൈയേറ്റവും അനധികൃത നിർമ്മാണവും നിർത്തിവെപ്പിക്കാനും പണിതത് പൊളിച്ചു മാറ്റുവാനും നടപടി സ്വീകരിക്കുമെന്ന് കൊച്ചിൻ പോർട്ട് ചെയർപേഴ്സൺ ഡോ.എം.ബീന പറഞ്ഞു.കൂടാതെ 120 കോടി രൂപ മുടക്കി നിർമ്മിക്കുന്ന കൊച്ചി ഹാർബറിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് പദ്ധതി സമർപ്പിച്ചു. ഏപ്രിൽ മാസം നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങും. അതേസമയം ജോലികൾ തുടങ്ങുന്ന പക്ഷം ഹാർബർ എങ്ങോട്ട് മാറ്റി സ്ഥാപിക്കുമെന്ന അങ്കലാപ്പിലാണ് യൂണിയൻ നേതാക്കൾ.വൈപ്പിൻ, മുരിക്കും പാടം തുടങ്ങിയ സ്ഥലങ്ങളിൽ ആവശ്യത്തിന് ബോട്ടുകളും തൊഴിലാളികളും ഉള്ള സാഹചര്യത്തിൽ ഈ ചോദ്യം തലവേദന സൃഷ്ടിക്കുകയാണെന്നാണ് തൊഴിലാളികൾ പറയുന്നത്.