ഫോർട്ട്കൊച്ചി: കൊച്ചി മെട്രോ വികസനത്തിൽ തീരദേശ മേഖലയെ ഉൾപ്പെടുത്തി മൂന്നാം ഘട്ടം നടപ്പിലാക്കണമെന്ന ആവശ്യം ഉയരുന്നു. വൈറ്റിലയിൽ നിന്നും തേവര വഴി തുറമുഖ നഗരിയിലെ പറമ്പിത്തറ പാലം, കണ്ണങ്ങാട്ടു പാലം വഴി പള്ളുരുത്തി, കണ്ണമാലി തീരദേശം വഴി ഫോർട്ടുകൊച്ചിയിലെത്തുന്ന വികസന രൂപരേഖയാണ് ജനകീയ ചർച്ചയാകുന്നത്. ഇതിനായി ഹൈബി ഈഡൻ എം.പിയും അധികാരികൾക്ക് നിവേദനം നൽകിയിട്ടുണ്ട്. ഇത് ജല മെട്രോയുമായി ബന്ധപ്പെടുത്തിയിട്ടുള്ള വികസനത്തിന് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. നാവിക സേനയുടെ പ്രവർത്തനങ്ങൾക്ക് തടസം ഒഴിവാക്കുന്നതിനോടൊപ്പം തീരദേശ ജനതയ്ക്ക് യാത്രാ സൗകര്യം വർദ്ധിപ്പിക്കുവാനും ടൂറിസം സാദ്ധ്യതകൾക്കും ഇത് ഇടയാക്കും. ജനസാന്ദ്രത ഏറെയുള്ള പശ്ചിമകൊച്ചിയിലെയും തീരദേശ പ്രദേശമായ ചെല്ലാനം - കണ്ണമാലി മേഖലകളെയും മെട്രോയുമായി ബന്ധപ്പെടുത്തുന്നതോടെ വൻ വികസന സാദ്ധ്യതകളാണ് ഉടലെടുക്കുന്നത്. തുറമുഖ വികസനത്തിനും ഇത് ഇടയാക്കും.നഗരത്തിലെ വാണിജ്യ സ്ഥാപനങ്ങളിലും വ്യവസായ മേഖലയിലും ജോലി ചെയ്യന്നവരുൾപ്പടെ രാത്രികാല തീവണ്ടികളിൽ എത്തുന്നവരും ഉൾപ്പടെ ആയിരങ്ങളാണ് തീരദേശ പ്രദേശങ്ങളിൽ നിന്ന് രാത്രികാല യാത്ര നടത്തുന്നത്. ഇവർക്ക് തീരദേശ മെട്രോ ഒരനുഗ്രഹമാണ്. അതേസമയം തീരദേശ മെട്രോ തിരഞ്ഞെടുപ്പ് വാഗ്ദാനമായി ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നു കഴിഞ്ഞു. മൂന്നാം ഘട്ട തീരദേശ മെട്രോയ്ക്കായി റസിഡന്റ്സ് അസോസിയേഷൻ, സാമൂഹ്യ സംഘടനകൾ, വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ, തൊഴിലാളി ഗ്രൂപ്പുകൾ എന്നിവരുടെ കൂട്ടായ്മ ഒരുക്കാൻ ഒരുങ്ങുകയാണ് ജനകീയ സംഘടനകൾ.