കൊച്ചി: പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരാം എന്ന കേന്ദ്ര സർക്കാർ തീരുമാനത്തെ എതിർക്കുന്ന കേരള സർക്കാരിന്റെ നടപടി തൊഴിലാളികളോടും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് പറഞ്ഞു. ഇന്ധനവില വർദ്ധനവിനെതിരെയും പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരുന്നതിനോടുള്ള കേരള സർക്കാരിന്റെ എതിർപ്പിനെതിരെയും ബി.എം.എസ് ജില്ലാ കമ്മി​റ്റി സംഘടിപ്പിച്ച കരിദിനാചരണവും പ്രതിഷേധപ്രകടനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ധനവില വർദ്ധനവിനെതിരെ ബി.എം.എസിന്റെ നേതൃത്വത്തിലുള്ള മോട്ടോർ തൊഴിലാളി ഫെഡറേഷൻ മാർച്ച് നാലിന് സെക്രട്ടറിയേ​റ്റിലേക്ക് മാർച്ച് നടത്തും. പ്രതിഷേധ യോഗത്തിൽ ബി.എം.എസ് മേഖല പ്രസിഡന്റ് സി.എൽ അഭിലാഷ് അദ്ധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി വി.കെ.അനിൽകുമാർ, പി.വി.റെജിമോൻ, സജിത് ബോൾഗാട്ടി, എം.രാജീവ്, സന്തോഷ്‌പൈ എന്നിവർ പ്രസംഗിച്ചു.