കൊച്ചി: കാൻസർ രോഗികൾക്ക് ആശ്വാസമാകുന്നു, നീണ്ട ഇടവേളയ്ക്ക് ശേഷം കൊച്ചി കാൻസർ സെന്ററിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലേക്ക്. കൊവിഡ് കെയർ സെന്ററാക്കി മാറ്റിയ കാൻസർ സെന്റർ കെട്ടിടം കഴിഞ്ഞ ദിവസം വിട്ടു നൽകി.
കെട്ടിടത്തിന്റെ അണുനശീകരണ പ്രക്രിയ പൂർത്തിയായി. തിങ്കളാഴ്ചയോടെ പ്രവർത്തനം പൂർവസ്ഥിതിയിലാവും. ഒ.പി. വിഭാഗങ്ങളും കിമോ തെറാപ്പി, സ്‌കാനിംഗ്, മാമോഗ്രാഫി ടെസ്റ്റുകളും ഐ.സി.യും സൗകര്യങ്ങളും സാധാരണ പോലെ ലഭ്യമാകും.
കൊവിഡിന് ശേഷം എറണാകുളം ജനറൽ ആശുപത്രിയിലാണ് കാൻസർ സെന്റർ.എറണാകുളം മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയാക്കിയപ്പോൾ മുതൽ കാൻസർ സെന്റർ പ്രതിസന്ധിയിലായിരുന്നു.
മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ പൂർവസ്ഥിതിയിലേക്ക് മാറ്റുന്നതോടെ കാൻസർ വിഭാഗവും ആരംഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിനിടെയാണ് കൊവിഡ് രോഗികളെ കാൻസർ സെന്ററിന്റെ കെട്ടിടത്തിലേക്ക് മാറ്റിയത്. ആ പ്രശ്നത്തിനും ഇപ്പോൾ പരിഹാരമാവുകയാണ്.
ഓപ്പറേഷൻ തീയറ്റർ വിട്ടു കൊടുത്തിട്ടില്ല
കാൻസർ സെന്റർ ഓപ്പറേഷൻ തീയറ്റർ വിട്ടു കിട്ടാൻ ഇനിയും കാത്തിരിക്കണം. മെഡിക്കൽ കോളേജ് ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്‌സിലാണ് കാൻസർ സെന്ററിലെ സർജറികൾ നടത്തിയിരുന്നത്. ന്യൂറോ സർജൻ, ഡയറക്ടർ കൂടിയായ സീനിയർ ഓങ്കോ സർജൻ ഉൾപ്പെടെ 4 സർജൻമാരും ഗൈനക് ഓങ്കോളജിസ്റ്റുമുള്ള സർജിക്കൽ ടീം സെന്ററിന് സ്വന്തമായിട്ടുണ്ട്. ജനറൽ ആശുപത്രിയിലേക്ക് പ്രവർത്തനം മാറ്റിയപ്പോൾ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു ഓപ്പറേഷൻ സൗകര്യം. മെഡിക്കൽ കോളേജിലേക്ക് സർജറി മാറ്റിയെങ്കിലേ പാവപ്പെട്ട രോഗികളുടെ ദുരിതത്തിന് പരിഹാരമാകൂ.
ഓപ്പറേഷൻ തിയറ്റർ ഉടനെ ലഭിക്കും
എട്ടാം തീയതിയോടെ കാൻസർ സെന്റർ അണുവിമുക്തമാക്കൽ പൂർത്തിയാക്കും. ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ രോഗികളെ തിരികെ എത്തിക്കും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് ഓപ്പറേഷൻ തീയറ്റർ വിട്ടുകിട്ടാത്തത്. 15 ഓടെ തീയറ്റർ തിരിച്ചു കിട്ടും.
ഡോ. മോണി കുര്യാക്കോസ്
ഡയറക്ടർ
കൊച്ചി കാൻസർ സെന്റർ
കെട്ടിടങ്ങൾ ഘട്ടംഘട്ടമായി വിട്ടു നൽകും
കാൻസർ സെന്റർ കാര്യക്ഷമമായി പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി നിലവിൽ പ്രവർത്തനങ്ങൾ മുന്നോട്ട് പോവുകയാണ്. നിലവിൽ കാൻസർ സെന്റർ കെട്ടിടം വിട്ടു നൽകിയിട്ടുണ്ട്. ഘട്ടംഘട്ടമായി ഒപ്പറേഷൻ തീയറ്റർ വിട്ടു നൽകും.
ഗീതാ നായർ
സൂപ്രണ്ട്
മെഡിക്കൽ കോളേജ്