
കൊച്ചി: തിരഞ്ഞെടുപ്പിന് പണം വാരിക്കോരി ചെലവഴിക്കാൻ ശ്രമിച്ചാൽ പിടികൂടാൻ ആദായനികുതി വകുപ്പ് രംഗത്തിറങ്ങി. തിരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കാൻ ആദായനികുതി വകുപ്പിനോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടതിന് പിന്നാലെ കൺട്രോൾറൂമും പ്രവർത്തനം ആരംഭിച്ചു.
കണക്കിൽപ്പെടാത്ത പണത്തിന്റെ സ്വാധീനം നിയന്ത്രിച്ച് സ്വതന്ത്രവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുകയാണ് വകുപ്പിന്റെ ഉത്തരവാദിത്തം. തിരഞ്ഞെടുപ്പ് ചെലവുകൾക്ക് വിനിയോഗിക്കാൻ സാദ്ധ്യതയുള്ള കണക്കിൽപ്പെടാത്ത പണം കണ്ടെത്താനും കണ്ടുകെട്ടാനും നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചിയിലെ ആദായനികുതി ഡയറക്ടറേറ്റ് അറിയിച്ചു.
പൊതുജനങ്ങളിൽനിന്ന് വിവരങ്ങളും പരാതികളും സ്വീകരിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ടോൾഫ്രീ നമ്പറും ഫാക്‌സ്, ഇ മെയിൽ, വാട്ട്‌സ് ആപ്പ് തുടങ്ങിയ ആശയവിനിമയ സംവിധാനങ്ങളും കേരളത്തിൽ ഒരുക്കി.
ടോൾഫ്രീ നമ്പർ : 1800 425 3173
ഈമെയിൽ : electionmonitaring.t@gmail.com
വാട്ട്‌സ് ആപ്പ് നമ്പർ : 8547000041
ഫാക്‌സ് : 0484 2206170
വിവരം നൽകാം
പണമോ മറ്റ് മൂല്യമുള്ള വസ്തുക്കളോ വൻതോതിൽ സംഭരിച്ചതായോ കൈവശം വച്ചിരിക്കുന്നതായോ കൈമാറ്റം ചെയ്യുന്നതായോ ശ്രദ്ധയിൽപ്പെട്ടാൽ വിവരങ്ങൾ കൈമാറണം. വിവരം കൈമാറുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
സി. ശിവകുമാർ
അഡീഷണൽ ഡയറക്ടർ
ആദായനികുതി ഡയറക്‌ടറേറ്റ്