കൊച്ചി: ഇന്ധനവിലയിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത മോട്ടോർ വാഹന പണിമുടക്ക് ജില്ലയിൽ ഭാഗികം. പെട്രോൾ, ഡീസൽ വില വർധന പിൻവലിക്കുക, മോട്ടോർ വാഹന നിയമ ഭേദഗതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മോട്ടോർ വ്യവസായ സംരക്ഷണ സമര സമിതിയുടെ നേതൃത്വത്തിൽ പണിമുടക്ക്. സ്വകാര്യ ബസുകളും ടാക്‌സികളും സർവ്വീസ് നടത്തിയില്ലെങ്കിലും പണിമുടക്ക് ജനങ്ങളെ കാര്യമായി ബാധിച്ചില്ല. കൂടുതൽ സ്വകാര്യ വാഹനങ്ങൾ റോഡിലിറങ്ങി.
റെയിൽവേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാൻഡിലും മറ്റും എത്തിയവർ മെട്രോ സർവീസും ഉപയോഗിച്ചു. കെ.എസ്.ആർ.ടി.സി. 60ന് മുകളിൽ സർവീസുകൾ നടത്തിയെങ്കിലും യാത്രാക്കാർ കുറവായിരുന്നു. യാത്രക്കാർ ഇല്ലാത്തതിനെ തുടർന്ന് പല സർവ്വീസുകളും വെട്ടിക്കുറക്കേണ്ടിയും വന്നു. എറണാകുളം കളക്ട്രേറ്റിൽ 60 ശതമാനം ഹാജർ നില രേഖപ്പെടുത്തി. സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസുകളും തുറന്നു പ്രവർത്തിച്ചെങ്കിലും പകുതിയോടടുത്ത് ജീവനക്കാരേ ജോലിക്ക് എത്തിയുള്ളു.
ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ സമിതിയുടെ നേതൃത്വത്തിൽ പ്രകടനങ്ങൾ നടത്തി. മേനക ജംഗഷനിൽ നിന്നാരംഭിച്ച പ്രകടനം ബി.എസ്.എൻ.എൽ. ഓഫീസിന് മുന്നിൽ അവസാനിച്ചു. യോഗം മോട്ടോർ വ്യവസായ സംരക്ഷണ സമര സമിതി ജില്ല ജനറൽ കൺവീനർ കെ.എ. അലി അക്ബർ ഉദ്ഘാടനം ചെയ്തു. ബസ് ഉടമ സംഘം സംസ്ഥാന പ്രസിഡന്റ് എം.ബി. സത്യൻ അധ്യക്ഷനായി. ട്രേഡ് യൂണിയൻ നേതാക്കളായ ജോൺ ലൂക്കോസ്, രഘുനാഥ് പനവേലി, മനോജ് പെരുമ്പിള്ളി, കെ.പി. വിജയകുമാർ, കെ.പി. കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.