kiifb

കൊച്ചി: കേന്ദ്ര സർക്കാർ അനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരിച്ചെന്ന കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കിഫ്ബിക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. വിശദീകരണം നൽകാൻ ഹാജരാകുന്നതിന് കിഫ്ബി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ.എം.എബ്രഹാം, ഡെപ്യൂട്ടി സി.ഇ.ഒ എന്നിവർക്ക് നോട്ടീസ് നൽകി. രേഖകളുമായി 14 ദിവസത്തിനകം ഹാജരാകണം.

കിഫ്ബിയിൽ വ്യാപകമായ ക്രമക്കേട് നടന്നതായി പ്രാഥമികാന്വേഷണത്തിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. കിഫ്ബിയുടെ ഫണ്ട് കൈകാര്യം ചെയ്യുന്ന ആക്സിസ് ബാങ്കിന്റെ ഹോൾസെയിൽ ബാങ്കിംഗ് എക്സിക്യുട്ടീവ് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർക്കും നോട്ടീസ് നൽകിയതായാണ് വിവരം. വിദേശനാണയ വിനിമയ നിയമം ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. റിസർവ് ബാങ്കിൽ നിന്ന് കിഫ്ബിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇ.ഡി ശേഖരിച്ചു.

മസാല ബോണ്ട് വഴി കിഫ്ബി 2150 കോടി രൂപ സമാഹരിച്ചിരുന്നു. ഇതിന് കേന്ദ്ര സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും മുൻകൂർ അനുമതി വാങ്ങിയിരുന്നോ എന്ന് പരിശോധിക്കും. മസാല ബോണ്ടിലെ നി​ക്ഷേപകരെക്കുറി​ച്ചും ഇ.ഡി അന്വേഷിക്കുമെന്നാണ് സൂചന.