
കൊച്ചി: ജനസമ്മതരെയും പുതുമുഖങ്ങളേയും കളത്തിലിറക്കി മദ്ധ്യകേരളത്തിലെ യു.ഡി.എഫ്. കോട്ട പൊളിക്കാൻ സി.പി.എം നീക്കം.10 സീറ്റ് ലക്ഷ്യമിട്ടാണ് പടയൊരുക്കം. ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും യു.ഡി.എഫിനൊപ്പം ഉറച്ചു നിന്ന ജില്ലയിൽ അട്ടിമറി തന്നെയാണ് സി.പി.എം.ലക്ഷ്യം.
മുതിർന്ന നേതാവും മുൻമന്ത്രിയും ആറു തവണ നിയമസഭാംഗവുമായിരുന്ന എസ്.ശർമയെ സാദ്ധ്യതാ പട്ടികയിൽ നിന്ന് ഒഴിവാക്കി. ജില്ലാ സെക്രട്ടറി സി.എൻ. മോഹനനും സി.ഐ.ടി.യു നേതാവും മുൻ എം.പിയുമായ കെ.ചന്ദ്രൻപിള്ളയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വൈപ്പിനിൽ സിറ്റിംഗ് എം.എൽ.എ എസ്.ശർമ്മയ്ക്ക് പകരം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ.എൻ. ഉണ്ണികൃഷ്ണനെയാണ് പരിഗണിക്കുന്നത്. മറ്റ് സിറ്റിംഗ് എം.എൽ.എമാരായ എം.സ്വരാജ് തൃപ്പൂണിത്തുറയിലും കെ.ജെ. മാക്‌സി കൊച്ചിയിലും ആന്റണി ജോൺ കോതമംഗലത്തും തന്നെ മത്സരിക്കും. പെരുമ്പാവൂരിൽ ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സാമുദായിക വോട്ടുകൾ നിർണായകമായ എറണാകുളത്ത് കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റും ലത്തീൻ സഭയുടെ വക്താവുമായ ഷാജി ജോർജും തൃക്കാക്കരയിൽ ഡോ. ജെ.ജേക്കബും സ്വതന്ത്ര സ്ഥാനാർത്ഥികളായി സജീവ പരിഗണനയിലുണ്ട്. സിറ്റിംഗ് മണ്ഡലങ്ങൾക്ക് പുറമേ എറണാകുളവും കളമശേരിയും പെരുമ്പാവൂരും തൃക്കാക്കരയും പിടിച്ചെടുക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. പാലാരിവട്ടം പാലം അഴിമതി ഉയർത്തി കളമശേരി ചുവപ്പിക്കാനാകുമെന്നാണ് കണക്ക് കൂട്ടൽ. ചന്ദ്രൻപിള്ളയെ പോലെ മുതിർന്ന സി.പി.എം നേതാവിനെ ഇറക്കി അനായാസം മണ്ഡലം പിടിക്കാമെന്നാണ് പ്രതീക്ഷ. പെരുമ്പാവൂർ സിറ്റിംഗ് എം.എൽ.എ എൽദോസ് കുന്നപ്പള്ളിയിൽ നിന്ന് ഏതുവിധേയനെയും മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജില്ലാ സെക്രട്ടറിയെ തന്നെ ഇവിടെ കളത്തിലിറക്കാൻ നോക്കുന്നത്. ഘടകക്ഷികൾ മത്സരിക്കുന്ന അങ്കമാലി, മൂവാറ്റുപുഴ, കുന്നത്തുനാട്, പിറവം, പറവൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം പൂർത്തിയായിട്ടില്ല. സി.പി.ഐയിൽ നിന്ന് പറവൂർ ഏറ്റെടുത്ത് പകരം പിറവം നൽകാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. പറവൂരിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.രാജീവിനെ രംഗത്തിറക്കാനുമിടയുണ്ട്.