
കൊച്ചി: പാചകവാതകം ഉൾപ്പെടെ പെട്രോളിയം ഉത്പന്നങ്ങൾക്ക് അടിയ്ക്കടി വില വർദ്ധിപ്പിക്കുന്നതിനെതിരെ തല മൊട്ടയടിച്ച് പിച്ചച്ചട്ടിയുമേന്തി വേറിട്ട പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ. 80ഓളം പേരാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഓഫീസിന് മുന്നിൽ മൊട്ടയടിച്ച് പ്രതിഷേധിച്ചത്. കേര ളഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷനാണ് വേറിട്ട സമരമുറ സ്വീകരിച്ചത്. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് മുക്തി നേടിവരുന്നതിനിടെ ഇന്ധന വിലവർദ്ധനവും താങ്ങാനാകാത്ത സാഹചര്യത്തിലാണ് ഹോട്ടലുടമകൾ പ്രതിഷേധം സംഘടിപ്പിച്ചത്.
പനമ്പനള്ളിനഗറിലെ ഐ.ഒ.സി ഓഫീസിന് മുൻപിൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ സ്വന്തം തല മൊട്ടയടിച്ച് സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. പിന്നാലെ, സംസ്ഥാന ജില്ലാഭാരവാഹികളായി 80ഓളം പേരും തല മൊട്ടയടിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമാരായ പ്രസാദ് ആനന്ദഭവൻ, ജി.കെ. പ്രകാശ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.എൻ. മധു, അബ്ദുൾ റസാഖ്, മുഹമ്മദ് ഷറീഫ്, സംസ്ഥാ സെക്രട്ടറിമാരായ കെ.എം. രാജ, എൻ. സുഗതൻ, സി. ബിജുലാൽ, പി.ആർ. ഉണ്ണി, വി.ടി. ഹരിഹരൻ, എറണാകുളം ജില്ലാ പ്രസിഡന്റ് അസീസ്, സെക്രട്ടറി ടി.ജെ. മനോഹരൻ എന്നിവർ ധർണയെ അഭിവാദ്യം ചെയ്തു.
ജി.എസ്.ടിയിൽ  ഉൾപ്പെടുത്തണം
ഇന്ധനവില വർദ്ധനവ് തടയാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് അസോസിയേഷൻ പ്രധാനമന്ത്രിയ്ക്കും കേന്ദ്ര എണ്ണപ്രകൃതിവാതക മന്ത്രിയ്ക്കും നിവേദനം ഇ മെയിൽ ചെയ്തു. പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തുക, ഗാർഹിക വ്യവസായിക സിലണ്ടറുകളുടെ നികുതി ഏകീകരിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചത്.