pistol

കോലഞ്ചേരി: തോക്ക് 'വി.ഐ.പി' കൾക്ക് വീണ്ടും വിശ്രമ കാലം. അടുത്തടുത്തായി ഇത് രണ്ടാം തവണയാണ് ഇവർ പഴയ വീരകഥകൾ അയവിറക്കി 'കസ്​റ്റഡി'യിലായത്.

തിരഞ്ഞെടുപ്പ് പെരുമാ​റ്റച്ചട്ടം നിലവിൽ വന്ന അന്നു മുതൽ വ്യക്തികൾ കൈവശം വയ്ക്കുന്ന തോക്കുകൾ സറണ്ടർ ചെയ്യണമെന്നാണ് നിയമം. ഫലം പുറത്തു വരുംവരെ തോക്കുകൾ സർക്കാർ കസ്​റ്റഡിയിലാകും. അതാത് പൊലീസ് സ്​റ്റേഷനുകളിലോ, അംഗീകൃത തോക്ക് വ്യാപാരികളുടെ അടുത്തോ ആണ് സൂക്ഷിക്കേണ്ടത്. നേരത്തെ പൊലീസ് സ്റ്റേഷനിലാണ് പലരും സൂക്ഷിക്കാറെങ്കിലും ഇപ്പോൾ ഇടക്കിടെ 'പരിചരണം' ആവശ്യമുള്ളതിനാൽ തോക്കു വ്യാപാരികളാണ് ആ പണി ഏറ്റെടുക്കുന്നത്.

എറണാകുളം റൂറൽ പരിധിയിൽ 1,366 തോക്കുകൾക്ക് ലൈസൻസുണ്ട്. അതിൽ 1,226 തോക്കുകളും സറണ്ടർ ചെയ്തു കഴിഞ്ഞു. മ​റ്റുള്ളവ ബാങ്കുകളിൽ സുരക്ഷയ്ക്കായി ഉപയോഗിക്കുന്നതും, സ്വകാര്യ സുരക്ഷയ്ക്കുള്ളതുമാണ്. ജില്ലാ കളക്ടർ അദ്ധ്യക്ഷനായുള്ള സ്‌ക്രീനിംഗ് കമ്മി​റ്റിയുടെ അനുവാദത്തോടെ ഇത്തരം തോക്കുകൾ ഉപയോഗിക്കാം.

സറണ്ടർ ചെയ്തവയിൽ പിസ്​റ്റൾ, റൈഫിൾ എന്നിവ കൂടാതെ നാടൻ തോക്കുകളുമുണ്ട്. പഴയ നാടൻ തോക്ക് പ്രൗഢിയുടെ അടയാളമായി കൊണ്ടു നടക്കുന്നവരാണ് പലരും. തലമുറകൾ കൈമാറി വന്നതാണ് എന്നതിനാൽ തന്നെ മുൻ തലമുറക്കാരുടെ ലൈസൻസ് ഇളം തലമുറക്കാർ കൈമാറി ഉപയോഗിച്ചു വരികയാണ്. ഇതിൽ പലതും ഇതുവരെ ഉപയോഗിച്ചിട്ടുപോലുമില്ല. ഒരു ഗമയ്ക്ക് കാത്തുസൂക്ഷിക്കുന്നെന്നേയുള്ളൂ.

കൃഷി സംരക്ഷിക്കാനെന്ന പേരിലാണ് മിക്കവർക്കും തോക്ക് ലൈസൻസ്. ലൈസൻസ് നൽകുന്നതിനുള്ള അധികാരം എ.ഡി.എമ്മിനാണ്. ലൈസൻസെടുക്കൽ ചില്ലറ കളിയുമല്ല. തോക്ക് വാങ്ങുന്ന കടയുടെ എസ്​റ്റിമേ​റ്റ്, വില്പന സമ്മത പത്രം, ലൈസൻസ് ഫീസ് അടച്ചതിന്റെ ട്രഷറി ചെലാൻ, ജനന തീയതി തെളിയിക്കുന്ന രേഖ, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം കളക്ടറേ​റ്റിലാണ് അപേക്ഷ നൽകേണ്ടത്.

പൊലീസ്, വനം വകുപ്പ്, റവന്യു വിഭാഗങ്ങളുടെ എൻ.ഒ.സി കൂടി ലഭിച്ചാലേ അപേക്ഷ എ.ഡി.എം പരിഗണിക്കൂ. ക്രിമിനൽ കേസിൽ പ്രതികളായവർക്കോ മാനസിക തകരാറുള്ളവർക്കോ ലൈസൻസ് ലഭിക്കില്ല.

ഓരോ തിരഞ്ഞെടുപ്പു കാലത്തും തോക്കുടമകൾ പരസ്പരം കണ്ടുമുട്ടും. വെടി പറഞ്ഞ് പിരിയും, അങ്ങിനെ സുഹൃത്തുക്കളായവരും നിരവധിയുണ്ട്.