paravur-

കൊച്ചി: പവൂർ മണ്ഡലം ഏറ്റെടുക്കണമെന്ന് സി.പി.എം. വിട്ടുകൊടുക്കേണ്ടന്ന് സി.പി.ഐ. പറവൂരും പിറവവും വച്ചുമാറുന്നത് അനിശ്ചിതത്വത്തിൽ. തുടക്കത്തിൽ അനുഭാവപൂർണമായ നിലപാടെടുത്ത സി.പി.ഐക്ക് സ്ഥാനാർത്ഥി നിർണയത്തിലേയ്ക്ക് നീങ്ങിയതോടെയാണ് മനംമാറ്റമുണ്ടായത്. മണ്ഡലം വച്ചുമാറേണ്ടന്ന പൊതുവികാരം ജില്ലാ നേതൃത്വം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവിനെ അറിയിച്ചിട്ടുണ്ട്.

പറവൂർ ഏറ്റെടുത്ത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എം.പിയുമായ പി. രാജീവിനെ മത്സരിപ്പിക്കണമെന്നതാണ് പ്രദേശിക സി.പി.എം നേതൃത്വത്തിന്റെ ആവശ്യം. കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ഇക്കാര്യം ചർച്ച ചെയ്തെങ്കിലും തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് കൈമാറി.

ഏറ്റെടുത്താൽ രാജീവ്

പി. രാജിവിനാണ് സി.പി.എമ്മിന്റെ പ്രഥമ പരിഗണന. എം.പിയായിരിക്കെ നടപ്പാക്കിയ പദ്ധതികളും ജനകീയ മുഖവും ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. വി.ഡി സതീശനിൽ നിന്ന് മണ്ഡലം തിരിച്ചു പിടിക്കാനാണ് പാർട്ടി ശ്രമം. അതിന് കരുത്തുറ്റ സ്ഥാനാർത്ഥി കൂടിയേതീരു. ഇത് പി. രാജീവിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുന്നു. എസ്. ശർമ്മയും പ്രദേശിക നേതൃത്വം ആവശ്യപ്പെടുന്ന മറ്റൊരു സ്ഥാനാർത്ഥിയാണ്. മുൻ ജില്ലാ പഞ്ചായത്ത് അംഗം ടി.ജി അശോകൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പള്ളി എന്നിവരും പരിഗണനയിലുണ്ട്.

സി.പി.ഐയിൽ നാല് പേർ

രണ്ട് തവണ എം.എൽ.എ. മൂന്നാം തവണ പരാജയം. എങ്കിലും പറവൂരിൽ സി.പി.ഐയുടെ പരിഗണയിൽ മുന്നിലുണ്ട് ജില്ലാ സെക്രട്ടറി പി. രാജു. കാനം അയഞ്ഞാൽ വി.ഡി സതീശനെ നേരിടാൽ പി. രാജു എത്തിയേക്കും. തീരുമാനത്തിൽ ഉറച്ച് നിന്നാൽ സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അംഗം കെ.എൻ. സുഗുതൻ, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി എൻ. അരുൺ, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ ശിവശങ്കരൻ എന്നിവരിൽ ഒരാൾക്ക് നറുക്ക് വീഴും. സി.പി.ഐയുടെ പരമ്പരാഗത സീറ്റാണ് പറവൂർ.

വി.ഡി സതീശൻ തന്നെ

ഇടത് മുന്നണിയുടെ പടയൊരുക്കമാണ് ഒരുവശത്ത്. മറുവശത്ത് കോൺഗ്രസിൽ നിന്ന് വനിതാ നേതാവിനെ അടർത്തിയെടുത്ത് പോരിനിറക്കാൻ എൻ.ഡി.എ. ഇരുമുന്നണികളും അട്ടിമറിക്ക് വമ്പൻ പദ്ധതികൾ മെനയുമ്പോഴും യു.ഡി.എഫിന് യാതൊരു കൂസലുമില്ല. വി.ഡി സതീശനിൽ അത്ര വിശ്വസമാണ് മുന്നണിക്ക്. സി.പി.ഐ നേതാക്കളായ എൻ. ശിവൻപിള്ളയും പി. രാജുവും വിജയിച്ച് കൈയടക്കിയ മണ്ഡലം 2001 ലാണ് സതീശൻ തട്ടിയെടുത്തത്. പിന്നെ തിരഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല. 2011 ൽ 11,349 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച സതീശൻ 2016ൽ നേടിയത് 20,364 വോട്ടുകളുടെ ഭൂരിപക്ഷം.