കുറുപ്പംപടി: മുടക്കുഴ രാജീവ് ഗാന്ധി കോളനി,അകനാട് തറക്കാട്, കണ്ണൻ ചേരി മുഗൾ എന്നിവിടങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് മുടക്കുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറുപ്പംപടി ജല അതോറിറ്റി ഓഫീസ് ഉപരോധിച്ചു.
വേനൽ കടുത്തതോടെ ഉയർന്ന ഭാഗങ്ങളിൽ വെള്ളമെത്തിക്കാൻ പമ്പിംഗ് സമയം ഉയർത്തണമെന്നും പൊട്ടിയ പൈപ്പുകൾ ഉടൻ മാറ്റി സ്ഥാപിക്കണമെന്നും സമരക്കാർ അവശ്യപ്പെട്ടു.കരാറുകാർ ഫെബ്രുവരി 15 മുതൽ കുടിശിഖ അവശ്യപ്പെട്ട് സമരത്തിലാണ്. സർക്കാർ പ്രശ്നം പരിഹരിക്കാത്തതിനാൽ അറ്റകുറ്റപണി നടത്താനാകാതെ ജല അതോറിറ്റി നട്ടം തിരിയുകയാണ്. പമ്പിംഗ് സമയം കൂട്ടി ജലക്ഷാമം പരിഹരിക്കാമെന്നും, കരാറുകാർ സമരം അവസാനിപ്പിച്ചാൽ ഉടൻ അറ്റകുറ്റപണി നടത്താമെന്നും അസിസ്റ്റന്റ് എൻജിനീയർ റീന സേവ്യർ ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. റ്റി. മേനേജ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.റ്റി അജിത് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, എൽദോ പള്ളിപ്പാടൻ ,എൽദോ സി പോൾ, എൽദോ ജോർജ്, രഞ്ജിത്ത് പി.എസ്, സി ജോ ജോർജ്ജ് എന്നിവർ ഉപരോധസമരത്തിന് നേതൃത്വം നൽകി.