
കൊച്ചി: കേരള ബാങ്കിലെ 1850 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് കണ്ണൂർ സ്വദേശി എ. ലിജിത്ത് നൽകിയ ഹർജി ഹൈക്കോടതി 29ലേക്ക് മാറ്റി. ക്ളാർക്ക്, പ്യൂൺ, ഡേറ്റ എൻട്രി ഒാപ്പറേറ്റർ തുടങ്ങിയ തസ്തികകളിലുള്ള താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ശുപാർശ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കു വന്നിരുന്നെന്നും ഹർജിക്കാരൻ ആരോപിച്ചു. ഇത്രയും ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോഴുള്ള സാമ്പത്തികബാദ്ധ്യത അറിയിക്കാനും സഹകരണസംഘം രജിസ്ട്രാറുടെ റിപ്പോർട്ട് ഇല്ലെന്നും ചൂണ്ടിക്കാട്ടി മന്ത്രിസഭായോഗം ശുപാർശ മടക്കിയിരുന്നു. മന്ത്രിസഭയുടെ ഇൗ നിർദേശങ്ങൾ ഉൾപ്പെടുത്തി സർക്കാർ നൽകിയ കത്ത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാനായി കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡിലെ അഞ്ചംഗങ്ങൾ ഉൾപ്പെട്ട കമ്മിറ്റിക്ക് രൂപം നൽകാൻ ഫെബ്രുവരി 17ന് തീരുമാനിച്ചെന്ന് ബാങ്കിന്റെ അഭിഭാഷൻ വ്യക്തമാക്കി. കേരളബാങ്കിന്റെ വിശദീകരണവും സമർപ്പിച്ചു. ഇതിന് മറുപടി സത്യവാങ്മൂലം നൽകാൻ ഹർജിക്കാരൻ സമയം തേടിയതിനെത്തുടർന്നാണ് ഹൈക്കോടതി ഹർജി മാർച്ച് 29 ലേക്ക് മാറ്റിയത്.