കൊച്ചി: ശമ്പള പരിഷ്‌കരണം നടപ്പാക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാർ വഞ്ചനാദിനം ആചരിച്ചു. എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കെ.ജി.എം.സി.ടി.എ യും സി.എം.സി.ടി.എയും ഒത്തുചേർന്നുള്ള ഡോക്ടർമാരുടെ സംയുക്ത സമരസമിതി മെഡിക്കൽ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുമ്പിൽ ധർണയും പ്രകടനവും നടത്തി. 2016 മുതൽ മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് അലവൻസുകൾ നൽകണമെന്ന് അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിൽ നിന്നും ശുപാർശ ചെയ്തിട്ടുള്ള സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുമുള്ള നിശബ്ദത പ്രതിഷേധാർഹമാണെന്ന് കെ.ജി.എം.സി.ടി.എ എറണാകുളം യൂണിറ്റ് പ്രസിഡന്റ് ഡോ.ഉന്മേഷ്.എ.കെ പറഞ്ഞു. പ്രതിഷേധധർണ ഐ.എം.എ കൊച്ചി ഘടകം പ്രസിഡന്റ് ഡോ.ടി.വി. രവി ഉദ്ഘാടനം ചെയ്തു. ഐ.എം.എ വനിതാ വിഭാഗം ദേശീയ സെക്രട്ടറി ഡോ. കവിതാ രവി, ഡോ.ഉന്മേഷ്.എ.കെ, സെക്രട്ടറി ഡോ.ഫൈസൽ അലി, സി.എം.സി.ടി.എയെ അംഗങ്ങളായ ഡോ.അനിതാ തിലകൻ, ഡോ. ടെസ്സി തുടങ്ങിയവർ സംസാരിച്ചു.