
കൊച്ചി: ചൂട് പിടിച്ച തിരഞ്ഞെടുപ്പ് കാലം. ലഘുലേഖകളിൽ കൃത്യമായി കുറിച്ചിട്ടുണ്ടാകും ഉച്ചഭാഷിണി ഉണ്ടായിരിക്കുമെന്ന്. പ്രചാരണങ്ങൾക്കൊടുവിലെ കൂട്ടത്തല്ല്. പ്രസംഗങ്ങൾക്ക് ശേഷമുള്ള കൂക്കിവിളി. വോട്ടുകൾ രേഖപ്പെടുത്താൻ ചുവപ്പ്, പച്ച, മഞ്ഞ എന്നിങ്ങനെ വിവിധ നിറങ്ങളിലുള്ള പെട്ടികൾ.
തികച്ചും വ്യത്യസ്തമാണ് മുതിർന്ന സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മനസിലെ പഴയകാല തിരഞ്ഞെടുപ്പ് ചിത്രം. കാലം മാറുന്നതനുസരിച്ച് തിരഞ്ഞെടുപ്പ് രീതികൾക്ക് മാറ്റം സംഭവിച്ചപ്പോൾ രാഷ്ട്രീയ പ്രവർത്തനവും മതപരമാവുകയാണെന്നാണ് എം.എം. ലോറൻസ് പറയുന്നത്.
കമ്മ്യൂണിസ്റ്റ് വിരുദ്ധത ശക്തമായി നിന്ന കാലഘട്ടത്തിൽ വളർച്ച പ്രാപിച്ച നേതാവാണ് അദ്ദേഹം. സ്വന്തം നിലപാടുകൾ വ്യക്തമാക്കാൻ എന്നും ധെെര്യം കാണിച്ചു. അത് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനിൽ ഇന്നും പ്രകടമാണെന്ന നിലപാടിലാണ് അദ്ദേഹം. കമ്മ്യൂണിസ്റ്റുകാർക്ക് വോട്ട് ചെയ്യുന്നവർ നരകത്തിൽ പോകുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. ഇത്തരം വിശ്വാസങ്ങൾക്കും നിലപാടുകൾക്കും ഇരയായിട്ടുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വികസന കാലഘട്ടത്തിലെ വോട്ടർമാരുടെ ചിന്താഗതികൾക്ക് പരിവർത്തനമുണ്ട്. ചിന്തിച്ചാണ് അവർ വോട്ടുകൾ രേഖപ്പെടുത്തുന്നത്. സ്ഥാനാർത്ഥികളുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും അവർ മറക്കുന്നില്ല. രാഷ്ട്രീയം വികസനമായി കാണാൻ ശ്രമിക്കാത്തവരാണ് ഭൂരിഭാഗം രാഷ്ട്രീയ പ്രവർത്തകരും. വ്യത്യസ്തമായി നിലകൊള്ളാൻ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും ശ്രമിക്കാറുണ്ട്. തിരഞ്ഞെടുപ്പ് എന്നും മാറ്റങ്ങളുടെ തുടക്കവുമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.