
കൊച്ചി: സ്വകാര്യ ബസ് ഡ്രൈവറായിരുന്ന കൊല്ലം ഒാടനാവട്ടം ഇടപ്പാൻകോണം ലക്ഷ്മിവിലാസത്തിൽ രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ നാലുപ്രതികളേയും ഹൈക്കോടതി വെറുതേവിട്ടു. ഒാടനാവട്ടം സ്വദേശികളായ ചൂളയിൽ തെക്കക്കര പുത്തൻവീട്ടിൽ വിജയൻ പിള്ള (ചൂള വിജയൻ), ആനന്ദഭവനിൽ ഷിബു (പട്ടാള ഷിബു), കോട്ടവിള വീട്ടിൽ സുരേഷ് കുമാർ (പൊടിക്കൊച്ച് സുരേഷ്), കാഞ്ഞിരക്കൽ വീട്ടിൽ സുരേഷ് കുമാർ (കാഞ്ഞിരക്കൈ സുരേഷ്) എന്നിവരെയാണ് ഡിവിഷൻബെഞ്ച് വെറുതേവിട്ടത്. നേരത്തെ ഇൗ പ്രതികളെ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.
2011 ആഗസ്റ്റ് 21ന് രാത്രി ഒമ്പതിനാണ് കേസിന് ആസ്‌പദമായ സംഭവം. ബസ് ജീവനക്കാരോട് മോശമായി പെരുമാറിയതിനെ ചോദ്യംചെയ്ത രാജേന്ദ്രനെ പ്രതികൾ അടിച്ചുവീഴ്‌ത്തിയശേഷം ചവിട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികളുടെ മർദനത്തെത്തുടർന്ന് വാരിയെല്ലിനും കുടലിനും ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രൻ രണ്ടുദിവസം കഴിഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു.